പശ്ചിമ കനാല്‍ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാമൂഹിക സാമ്പത്തിക, വ്യവസായ രംഗങ്ങളില്‍ വലിയ പുരോഗതി സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
പശ്ചിമതീര കനാല്‍ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം കരിക്കകത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലപാത വികസനം അടക്കമുള്ള പദ്ധതികളോട് സഹകരിച്ച ജനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവളം ബേക്കല്‍ ജലപാതാ വികസനത്തില്‍ കേരള സര്‍ക്കാര്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. 21 കോടി രൂപ ചെലവിട്ട് നിര്‍മിച്ച കരിക്കകം സ്റ്റീല്‍ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര മാഹി കനാലിനു കുറുകെ നിര്‍മിച്ച വെങ്ങോളി പാലം, കഠിനംകുളം-വര്‍ക്കല റീച്ചിനിടയില്‍ നിര്‍മിച്ച 4 ബോട്ട് ജെട്ടികള്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവില്‍ വര്‍ക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാല്‍ ഡ്രഡ്ജിങ് ജോലികള്‍, 23 കോടി രൂപ ചെലവില്‍ അരിവാളം-തൊട്ടില്‍പാലം കനാല്‍ തീര സൗന്ദര്യവത്ക്കരണം, ചിലക്കൂര്‍ ടണലില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കുന്നത്. അതോടൊപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (ക്വില്‍) സമഗ്രമായി നടപ്പിലാക്കി വരുന്ന വര്‍ക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും തുടക്കമാകുകയാണ്.
ആക്കുളം ചേറ്റുവ ജലപാത ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രസ്തുത പദ്ധതികളെ എതിര്‍ത്തവര്‍ പോലും നിലവില്‍ സ്വാഗതം ചെയ്യുന്ന സ്ഥിതി ഉണ്ടായി. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പശ്ചിമതീര വികസനം സാധ്യമാകുന്നത്. ഇത് വിനോദസഞ്ചാരം, ചരക്കുനീക്കം, പൊതു ഗതാഗതം എന്നിവയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. വിവിധ വകുപ്പുകളുടെയും കിഫ്ബിയുടെയും സഹകരണത്തോടുകൂടെയാണ് നിലവില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. ‘കാര്യക്ഷമതയോടെ ഇത്തരം പദ്ധതികളെ നയിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചത്.
പദ്ധതിയുടെ ഭാഗമായി വര്‍ക്കല, കഠിനംകുളം മേഖലയില്‍ 516 കുടുംബങ്ങള്‍ക്ക് പുനരധിവാസപാക്കേജ് ലഭ്യമാക്കി. 86 കോടി രൂപയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും കായലുകളുടെയും കനാലുകളുടെയും കാര്യക്ഷമമായ ഉപയോഗം മാറ്റം സൃഷ്ടിക്കും. താരതമ്യേന വേഗതയുള്ള യാനങ്ങള്‍ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനവും ചരക്കു നീക്കവും കൂടുതല്‍ വേഗത്തില്‍ ആക്കുവാന്‍ കഴിയും.
മൂന്നു മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വാട്ടര്‍ ക്രൂയിസ് പദ്ധതി മികച്ച ആശയമാണ്. നിലവില്‍ മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി വലിയ തോതില്‍ വിനോദസഞ്ചാരികള്‍ സ്വീകരിച്ച് കഴിഞ്ഞു. ബാര്‍ജുകള്‍ ഉപയോഗിച്ച് രാസവസ്തുക്കള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്കുനീക്കം നടത്തുവാനും നിരത്തിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും. കൊച്ചിന്‍ റിഫൈനറി, കെ.എം.എം.എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പശ്ചിമ തീരത്തിന്റെ പാര്‍ശ്വങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ നമുക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു. ഇതോടൊപ്പം പ്രാദേശിക ഉല്‍പ്പന്നങ്ങളും നാടന്‍ ഭക്ഷണങ്ങളും നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ഉള്‍നാടന്‍ ടൂറിസത്തെ അടക്കം കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും പുതിയ തൊഴില്‍ വരുമാന സാധ്യതകള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ വിശിഷ്ടാതിഥിയായി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എ മാരായ ആന്റണി രാജു, വി.ജോയി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിങ്, സിയാല്‍ എം.ഡി എസ്.സുഹാസ് എന്നിവര്‍ക്കൊപ്പം മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
കോസ്റ്റല്‍ ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സംയുക്തമായാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




