വയനാട് ഉരുൾപൊട്ടൽ ദുരന്തം: തെരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിൽ 1419 പേർ;രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ

HIGHLIGHTS : Wayanad landslide disaster: Search continues, 1419 people in rescue operation; rescue operation in final stage

വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണെന്നും ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ മാത്രം  40 ടീമുകൾ ആറ് സെക്ടറുകളായി തിരിഞ്ഞ്  രാവിലെ ഏഴ് മണി മുതൽ തെരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സിവിൽ ഡിഫൻസ് ഉൾപ്പെടെ ഫയർഫോഴ്സിൽനിന്നു 460 പേർ, ദേശീയ ദുരന്തനിവാരണ സേനയുടെ  (എൻ.ഡി.ആർ.എഫ്) 120 അംഗങ്ങൾ, വനം വകുപ്പിൽ നിന്ന് 56 പേർ, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് 64 പേർ, ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയിൽ നിന്നായി 640 പേർ, തമിഴ്നാട് ഫയർഫോഴ്സിൽ നിന്നും 44 പേർ,  കേരള പൊലീസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് 15 പേർ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകൾ രക്ഷിക്കുക എന്നതാണു പ്രധാന ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തിയത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അതു കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തകർ ശ്രമിച്ചത്. കേരള പോലീസിന്റെ കെ.9 സ്‌ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ. 9 സ്‌ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിൽ ഉണ്ട്. തമിഴ്നാട് മെഡിക്കൽ ടീമിൽ നിന്നുള്ള 7 പേരും സന്നദ്ധരായി രക്ഷാദൗത്യത്തിൽ ഉണ്ട്.

sameeksha-malabarinews

തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ അംശം ഉണ്ടെങ്കിൽ  കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമൻ റെസ്‌ക്യൂ റഡാർ  രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്റെ അനക്കം കണ്ടെത്താൻ ഈ ഉപകരണത്തിന് കഴിയും.  കൂടാതെ മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ  ഉടൻ എത്തും.   പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരുംചേർന്ന് ചാലിയാർ കേന്ദ്രീകരിച്ചും തെരച്ചിൽ തുടരും.

കേരള ജനതയൊന്നാകെ വയനാടിനെ കൈപിടിച്ചുയർത്താനായി ഒരുമിച്ചു നിൽക്കുകയാണ്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന സൈന്യവും ഫയർ ഫോഴ്സും പോലീസും ഉൾപ്പെടെയുള്ള രക്ഷാസേനാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, കെ.എസ്.ഇ.ബി – വനം – റവന്യൂ ഉൾപ്പെടെയുള്ള  സർക്കാർ വകുപ്പുകൾ, എല്ലാ പിന്തുണയും  നൽകുന്ന തദ്ദേശവാസികൾ,  തങ്ങളാൽ കഴിയുന്ന ഏതു സഹായത്തിനും സജ്ജരായ എണ്ണമറ്റ സഹോദരങ്ങൾ എല്ലാവരും    സഹായഹസ്തം നീട്ടുന്നു.   മനുഷ്യരാണ് നാമേവരും എന്ന സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തിൽ മുഴങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടമലയിലെ ഉൾവനത്തിൽ നിന്ന്  വനം വകുപ്പ് ഉദ്യോഗസ്ഥർ ഗോത്രവിഭാഗത്തിലെ നാല് കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 6 അംഗ കുടുംബത്തെ കഴിഞ്ഞ ദിവസം സാഹസികമായാണ്  രക്ഷപ്പെടുത്തിയത്. പാലം നിർമാണം പൂർത്തിയായതിന് ശേഷം കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള  പരിശോധന നടത്തുകയാണ്. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ താമസിക്കുന്നു. ചൂരൽമലയിൽ 10 ക്യാമ്പുകളിലായി 1,707 പേർ താമസിക്കുന്നു.

വയനാട്ടിലെ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിനിരയായവരെ തിരയുന്നതിനും അതിനു നേതൃത്വം നൽകുന്നതിനുമായി കേരള പോലീസിലെ 866 ഉദ്യോഗസ്ഥരാണ് നിയുക്തരായത്.  വയനാട്ടിലെയും സമീപ ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പോലീസിന്റെ മറ്റു യൂണിറ്റുകളിൽ നിന്ന് നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്. കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ നിന്ന് 150 പേരും മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് 125 പേരും ഇന്ത്യ റിസർവ് ബെറ്റാലിയനിൽ നിന്ന് 50 പേരും തിരച്ചിൽ സംഘങ്ങളിലുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷൻ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നു. മലകളിലും മറ്റും കയറി ദുഷ്‌കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയിൽ നിന്നുള്ള ഹൈ ആൾടിട്യൂഡ് ട്രെയിനിങ് സെന്ററിലെ 14 അംഗ സംഘവും തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ സേവനവും പ്രത്യേകം എടുത്തു പറയേണ്ടതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അംഗങ്ങളും സ്‌കൂബാ ടീമും ഉൾപ്പെടെ ഓഫീസർമാരടക്കം 300  ജീവനക്കാരും  222 സിവിൽ ഡിഫൻസ്വോളന്റിയർമാരും ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഫയർഫോഴ്സ് നിർമ്മിച്ച സിപ് ലൈൻ പാലത്തിലൂടെയാണ് ആരംഭഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.  രക്ഷാപ്രവർത്തനങ്ങളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും അഭിനന്ദനാർഹമായ പങ്കാളിത്തം വഹിച്ചു. ഹെലിപാഡ് നിർമ്മിച്ചും ബെയിലി പാലത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ചും സൈന്യവും പോലീസുമുൾപ്പെടെയുള്ള രക്ഷാസേനയ്ക്ക് ആവശ്യമായ ഭക്ഷണമൊരുക്കിയും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തും മാതൃകാപരമായ സേവനമാണ് ഊരാളുങ്കൽ സൊസൈറ്റി നടത്തിയത്.

തിരിച്ചറിയാൻ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകൾക്കാണുള്ളത്. അത് നിർവഹിച്ചു തുടങ്ങിയിട്ടുണ്ട്.  ഈ മൃതദേഹങ്ങൾ സംസ്‌കരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ നടത്തണമെന്ന ആവശ്യം ചിലർ ഉന്നയിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് സർവ്വമത പ്രാർത്ഥന നടത്തുന്നതിനു പഞ്ചായത്തുകൾക്ക് മുൻകയ്യെടുക്കാം.

വയനാടിനു പുറമെ, കോഴിക്കോട് വടകര താലൂക്കിലെ വാണിമേൽ പഞ്ചായത്തിൽപ്പെട്ട വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മഞ്ഞച്ചീളി മലയുടെ മുകളിൽ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുൾപൊട്ടലുകൾ ഉണ്ടായി. ജനങ്ങൾ വീടുകളിൽ നിന്ന് മാറിത്താമസിച്ചതു കാരണമാണ് വലിയ ദുരന്തം ഒഴിവായത്. ഉരുൾപ്പൊട്ടൽ സംഭവിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയ കുമ്പളച്ചോല എൽ.പി സ്‌കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കളത്തിങ്കൽ മാത്യു എന്ന മത്തായി (62) ഉരുൾപൊട്ടലിൽപ്പെടുകയും ആഗസ്റ്റ് ഒന്നിനു രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ഇവിടെ വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!