വയനാട് ദുരന്തം: കേന്ദ്രസര്‍ക്കാര്‍ പാക്കേജ് സമയബന്ധിതമായിനടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി

വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് 8, 9, 10, തീയതികളില്‍ വയനാട് സന്ദര്‍ശിക്കുകയും, കേരള ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിനുശേഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും നിര്‍മല സീതരാമന്‍ അറിയിച്ചു.

അതോടൊപ്പം കേരള സര്‍ക്കാരിന്റെയും വിശദമായ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വയനാടിന് നല്‍കേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മല സീതാരാമന്‍ തോമസിനെ അറിയിച്ചു. മാത്രമല്ല കേരളത്തിന് കൂടുതല്‍ കടമെടുക്കുന്നതിനുള്ള അനുവാദം, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കേണ്ടതിന് നല്‍കേണ്ട കേന്ദ്ര സഹായം, വിഴിഞ്ഞം പ്രോജക്ടിന് നല്‍കേണ്ട കേന്ദ്ര സഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

പലവട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തിയിട്ടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ തീരുമാനം എടുത്തിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top