പരപ്പനങ്ങാടി കരിങ്കല്ലത്താണി റോഡ് സാമൂഹ്യദ്രോഹികള്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കുന്നു

പരപ്പനങ്ങാടി;  പുതുക്കിപണിത് മനോഹരമാക്കിയ തെരുവുകളിലും നിരത്തുകളിലും മാലിന്യം നിക്ഷേപിച്ച് സാമൂഹ്യദ്രോഹികള്‍. പരപ്പനങ്ങാടിയിലെ പ്രധാന PWD റോഡായ പുത്തരിക്കല്‍ മുതല്‍ കരിങ്കല്ലത്താണി വരെയുളള പ്രദേശത്താണ് വ്യാപകമായി നിലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. റോഡരികിലും, ഫൂട്ട്‌പാത്തിലും തൊട്ടടുത്തുള്ള തണ്ണീര്‍തടങ്ങളിലും വരെ ഭക്ഷണമാലിന്യങ്ങളും, ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും വരെ നിക്ഷേപിക്കുകയാണ്

നാടുകാണി പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി ഇവിടെ റോഡ് വീതികൂട്ടുകയും, ഡ്രൈനേജും, ഫൂട്ട്പാത്തും നിര്‍മ്മിച്ച് മനോഹരമാക്കുയും ചെയ്തതാണ്. രാത്രിയുടെ മറവിലാണ് സാമൂഹ്യദ്രോഹികള്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. വീടുകളില്‍ നിന്നടക്കമുള്ള ഭക്ഷണാവിശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം തെരവുനായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. തെരുവുനായക്കള്‍ ഇതിലൂടെ കടന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പ്രായമായവര്‍ക്കുമടക്കം ഭീഷണിയാണ്. പുലര്‍ച്ച വ്യായാമത്തിനായി പ്രഭാതസവാരി നടത്തുന്നവരും മാലിന്യം നിക്ഷേപിക്കുന്നതുമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പറയുന്നു.

രാത്രിയില്‍ തെരുവവിളക്കുകള്‍ പൂര്‍ണ്ണമായും സജ്ജീകരിക്കാത്തതിനാല്‍ ഇരുളിന്റെ മറവിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. വലിയ ചാക്കുകളില്‍ മുതല്‍ പ്ലാസറ്റിക് കവറുകളില്‍ വരെ മാലിന്യം കെട്ടി കൊണ്ടിടുകയാണ്. ഈ വിഷയത്തില്‍ അധികാരികള്‍ ഉടനടി ഇടപെടണമെന്ന് നാട്ടുകാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top