തിരുവനന്തപുരം : വി. എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വി.എസ് പദവി ഒഴിഞ്ഞത്. 2016 ലാണ് വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷനായി നിയമിച്ചത്.
നാല് വര്‍ഷവും അഞ്ച് മാസവും അദ്ദേഹം അധ്യക്ഷനായി ഇരുന്നു. 13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ ഇതുവരെ തയ്യാറാക്കിയത്.ഇതില്‍ 11 എണ്ണം സമര്‍പ്പിച്ചു. രണ്ടു റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കും.
തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തീയതി വച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി സര്‍ക്കാരിനെ അറിയിച്ചുട്ടുണ്ടെന്ന് വി.എസ് എഫ്.ബി യില്‍ കുറിച്ചു.
നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ ഫലമായാണ് കമ്മിഷന്റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്. ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.



