തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. വിസ്മയയുടെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. വകുപ്പ് തല അന്വേഷണത്തെ തുടര്‍ന്ന് കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. ഗതാഗതമന്ത്രി ആന്റണി രാജുവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത്. 1960 ലെ കേരള സിവില്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ന്ന് ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടായിരിക്കില്ല.
വിസ്മയയുടെ ആത്മഹത്യയെ തുടര്‍ന്ന് കിരണിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടിയിരുന്നു. 1960 ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും,സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാം. ഇതനുസരിച്ചാണ് കിരണിനെതിരെ നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം.
പോലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പോലീസ് അന്വേഷണ പ്രകാരമല്ല വകുപ്പ് തലത്തിലുളള അന്വേഷണം നടക്കുക. പോലീസ് അന്വേഷണം സമാന്തരമായി നടക്കും. 45 ദിവസം മുന്‍പാണ് കിരണിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി. അന്വേഷണം നടത്തിയതുപ്രകാരം കിരണ്‍ കുറ്റം ചെയ്‌തെന്ന് വ്യക്തമായതിനെ തുടര്‍ന്ാണ് പിരിച്ചുവിടെല്‍ എന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.




