വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ കണ്ടെത്തി. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പൊലീസ് സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചു. ഫോണ്‍ ഓണായത് തുമ്പായെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്പി വ്യക്തമാക്കി.

കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാല്‍ വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് പണത്തിന്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.

നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്റില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്റെ പേരില്‍ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്‌തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാല്‍ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top