ഫാഷിസ്റ്റ് കാലത്തെ ബഷീര്‍…

”സമസ്ത ജീവജാലങ്ങളേയും പോലെ
ഞാനും ഒരു ബന്ധനസ്ഥന്‍.
കെെവിലങ്ങും കാല്‍ച്ചങ്ങലയും എനിക്കുണ്ട്
അദൃശ്യമായത് എല്ലാവര്‍ക്കുമുണ്ട് ”
(വെെക്കം മുഹമ്മദ് ബഷീര്‍ )

ബഷീറിനെകുറിച്ച് ഒടുവില്‍ വായിച്ചത്
എം എ റഹ്മമാന്റെ
‘ഫാഷിസ്റ്റ് കാലത്തെ ബഷീര്‍ ‘ ആണ്.
വേറിട്ടൊരു പുസ്തകം.
ബഷീറിന്റെ സര്‍ഗ്ഗാത്മകസാഹിത്യം വായിച്ചുപോകുമ്പോള്‍
അദ്ദേഹത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ ജീവിതം
മറന്നുപോകരുതേയെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണീ പുസ്തകം.
പ്രഭ എന്ന പേരിലെഴുതികൊണ്ടായിരുന്നു
തന്റെ ഫാഷിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍
ബഷീര്‍ വെളിച്ചത്ത് കൊണ്ടുവന്നത്.
ലോകമെമ്പാടും ഫാഷിസ്റ്റ് വിരുദ്ധരചനകള്‍
വെളിച്ചം കാണുന്ന കാലം കൂടിയായിരുന്നത്.
ബഷീറിനും നിശ്ശബ്ദനാകാനായില്ല.
ബഷീറെഴുതുന്ന പത്രങ്ങളെല്ലാം
നിരോധിക്കപ്പെടുകയായിരുന്നു.
ലോകമെമ്പാടും കറങ്ങികൊണ്ടിരുന്ന ബഷീറിന്
ഫാഷിസത്തിന്റെ ജനിതകശാസ്ത്രം തിരിച്ചറിയാന്‍ എളുപ്പത്തിലാകുമായിരുന്നു.
ഫാഷിസ്റ്റ് വിരുദ്ധ ലേഖനങ്ങളില്‍ നിന്നാണ്
അദ്ദേഹത്തിന്റെ എഴുത്തുജീവിതം പോലും
ആരംഭിക്കുന്നത്.
എന്റെ തങ്കം എന്ന ആദ്യ കഥക്കുമുമ്പുതന്നെ
ഫാഷിസത്തിനെതിരേയുള്ള ‘ധര്‍മരാജ്യം ‘
പ്രസിദ്ധീകരിച്ചിരുന്നു.
സര്‍.സി പി യുടെ ഏകാധിപത്യത്തെയായിരുന്നൂ
ബഷീര്‍ തുറന്നടിച്ചുകൊണ്ടിരുന്നത്.
ദീപം എന്ന പ്രസിദ്ധീകരണത്തില്‍
‘ഹതഭാഗ്യയായ എന്റെ നാട് ‘ എന്ന ലേഖനത്തോടെയായിരുന്നൂ തുടക്കം.
സി പി യെ കളിയാക്കിയും വിമര്‍ശിച്ചും
ഫാഷിസ്റ്റാശയങ്ങളോടദ്ദേഹം പടവെട്ടി.
പിന്നീടിത് ‘ധര്‍മരാജ്യം ‘ എന്ന പേരില്‍ പുസ്തകവുമായി.
ബഷീറിനെതിരേയുള്ള റിപ്പോര്‍ട്ടില്‍
‘സര്‍ സി പി യുടെ പേക്കിനാവ് ‘ എന്നാണ്
ബഷീറിനെ വിശേഷിപ്പിച്ചത്.
ഇതെഴുതിയതിന്റെ പേരില്‍
ബഷീറിന്റെ വിരലുകള്‍ മുറിക്കുമെന്ന്
സി പി പരസ്യ വിളംബരം നടത്തി്
പതിനാല് പേജുള്ള ഈ ലഘുലേഖക്ക്
നാല് പേജുള്ള ആമുഖമെഴുതിയത്
ബോധേശ്വരനായിരുന്നു.
ഇതെല്ലാം ഗവണ്‍മെന്റ്പിന്നീട് കണ്ടുകെട്ടി

ബഷീറിന്റെ ഒളിവുകാലത്തെ
പോത്തിക്കര റാഫി ഓര്‍ത്തെടുക്കുന്നുണ്ട്.
‘ഒരു പാതിരാവിലാണ് മുറിയിലെത്തുന്നത്.
ചുമലില്‍ ഒരു ഗ്രാമഫോണ്‍ പെട്ടിയുണ്ട്.
കൂടെ ഒരു സെെക്കിളും.
നന്നേ അവശനായിരുന്നു.
രണ്ട് ദിവസമായി ഭക്ഷണമേ കഴിച്ചിട്ടില്ല.
മുറിയിലാണെങ്കില്‍ ഭക്ഷണവുമില്ല.
ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത
തവരച്ചെടികളുടെ ഇലകള്‍
ചെമ്പുകലത്തിലിട്ട് തിളപ്പിച്ച് രാത്രി കഴിക്കുകയായിരുന്നു.

ബഷീറിന് അടങ്ങിയിക്കാനാവുമായിരുന്നില്ല.
‘പട്ടത്തിന്റെ പേക്കിനാവ് ‘ എന്ന ഏകാങ്കമെഴുതി വീണ്ടും സര്‍. സി പി യെ ചൊടിപ്പിച്ചു.
ധര്‍മരാജ്യത്തോടൊപ്പം പട്ടത്തിന്റെ പേക്കിനാവും കൂടിയായപ്പോള്‍
ബഷീറിനെതിരേയുള്ള കുറ്റങ്ങളുടെ വ്യാപ്തി വര്‍ദ്ധിച്ചു.
ബഷീറിനെ അറസ്റ്റുചെയ്യുന്നവര്‍ക്ക്
ഇനാം പ്രഖ്യപിച്ചുകെൊണ്ട് ഗസറ്റും വന്നു.

ധര്‍മരാജ്യത്തിലൂടെ ബഷീര്‍ ചോദിച്ചുകൊണ്ടിരുന്നത്
ഏത് ഫാഷിസ്റ്റ് കാലത്തും ഏകാധിപതികളോട് ഫാഷിസ്റ്റ് വിരുദ്ധര്‍
ചോദിക്കുന്ന ചോദ്യങ്ങള്‍ തന്നെയായിരുന്നു.
ഇപ്പോഴും അത് തുടരുന്നുണ്ട്.
എണ്ണം ചുരുങ്ങിചുരുങ്ങി വരുന്നു.
പ്രതികരിക്കുന്നവര്‍ക്ക് ജീവന്‍പോലും നഷ്ടപ്പെടുന്നു.
അതിനാല്‍ പലരും നിശ്ശബ്ദരാവുന്നു.
ബഷീറിന്റെ ജീവനും വിലയിട്ടിരുന്നു.
ബഷീറിനെ കിട്ടാതിരിക്കുമ്പോള്‍
തലയോലപ്പറമ്പിലെ വീട്ടിലേക്കും പോലീസെത്തി.
വീട്ടുകാരേയും ഭീഷണിപെടുത്തി തുടങ്ങി.
‘ബഷീറിന്റെ വലതുകെെ അടിച്ചൊടിച്ച്
ചമ്മന്തിയാക്കുമെന്നും
എഴുത്ത് നിര്‍ത്തിക്കുമെന്നും ‘
വീട്ടുകാരെ ഭയപ്പെടുത്തികൊണ്ടിരുന്നു.
ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
ഒമ്പതുമാസം വിചാരണതടവുകാരനായി.
അവിടെ വെച്ചാണ് ‘ടെെഗര്‍ ‘ എന്ന കഥയെഴുതുന്നത്.
ഫാഷിസത്തിന്റെ പട്ടയും കഴുത്തില്‍ തൂക്കി
പാറാവ് കിടക്കുന്ന ടെെഗര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

1943ല്‍ തിരുവനന്തപുരം സെന്റര്‍ ജയിലില്‍ ബഷീര്‍ എത്തുന്നു.
രണ്ടുവര്‍ഷം കഠിനതടവിനായ്.
വേദഗ്രന്ഥങ്ങള്‍ വായിച്ചുമടുത്ത തടവുകാര്‍
വായിക്കാനായി എന്തെങ്കിലുമെഴുതാന്‍
ബഷീറിനോട് ആവശ്യപ്പെടുന്നു.
ജയിലില്‍ നിന്നും പറഞ്ഞുകേട്ട ഒരു കഥയാണ് ‘പ്രേമലേഖനം ‘ എന്ന പേരില്‍
കഥയായ് എഴുതുന്നത്.
ജയിലില്‍ നിന്നും പുറത്തുവരുമ്പോള്‍
പ്രേമലേഖനത്തിന്റെ കെെയെഴുത്തുപ്രതിയും
ഒപ്പമുണ്ടായിരുന്നു.
അതും അധികാരികള്‍ പിടിച്ചെടുത്തു.
കഥയിലെ പ്രണയിതാക്കള്‍
ക്രിസ്ത്യാനിയും നായരും.
ഈ മതേതര സംജ്ഞപോലും
ഫാഷിസ്റ്റ് വ്യവഹാരത്തിന് അലോസരമുണ്ടാക്കി.
തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇത് നിരോധിച്ചു.
നായര്‍ സമുദായത്തെ അപകീര്‍ത്തിപെടുത്തിയതാണ് കാരണം.
സ്വാതന്ത്ര്യം കിട്ടിയിട്ടും നിരോധനം മാറിയില്ല.
ജയില്‍ വാസകാലത്ത് പോലീസ് കമ്മീഷണര്‍
ബഷീറിനോട് ചോദിക്കുന്നുണ്ട്
‘മിസ്റ്റര്‍ ബഷീര്‍.,
എന്റെ കഥകളിലൊന്നും രാജ്യദ്രോഹമില്ലെന്ന്
എഴുതി ഒപ്പിട്ട് തന്നാല്‍ താങ്കള്‍ക്ക് ജയിലില്‍നിന്ന് പുറത്തു പോകാം ‘
ബഷീറിനതിന് കൊടുക്കുന്ന മറപടിയുണ്ട്
‘ഞാനതു ചെയ്യുകയില്ല സര്‍.
കഥകളുടെയെല്ലാം അവസാനം
അതില്‍ രാജ്യദ്രോഹമില്ലെന്ന് എഴുതാന്‍ പറ്റുമോ ?
എനിക്ക് പുറത്തു പോകണ്ട ‘
1948 നവംബര്‍ 26 നാണ് പ്രേമലേഖനത്തിന്റെ നിരോധനം അവസാനിക്കുന്നത്.
‘ദേശദ്രോഹി ‘യായ് മുദ്രകുത്തപ്പെട്ട ബഷീര്‍
ഇതോടെ മോചിതനാവുകയായിരുന്നു.

എഴുത്തിന്റെ സുല്‍ത്താന് സ്നേഹപൂര്‍വം.

Related Articles