
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് ദുബൈയില്‍ നിന്നുള്ള വിമാനം കൊച്ചിയില്‍ എത്തിയത്.
വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും.
നാട്ടിലെത്തിയാല്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.
നടന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ വിജയ് ബാബുവിന്റെ ഹര്‍ജി വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.




