കേരളത്തിന്റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്‌ടോറിയന്‍ പാര്‍ലമെന്റ് സമിതി

HIGHLIGHTS : Victorian Parliament Committee commends Kerala's grassroots cancer prevention campaign

cite

തിരുവനന്തപുരം: കേരളത്തിന്റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്‌ടോറിയന്‍ പാര്‍ലമെന്റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ഈ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ മഹത്തരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15 ലക്ഷത്തിലധികം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ആദ്യഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറിനാണ് പ്രാധാന്യം നല്‍കിയത്. സ്‌ക്രീനിംഗില്‍ പങ്കെടുത്തവരില്‍ രോഗം സംശയിച്ചവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കുന്നു. ഈ ക്യാമ്പയിനിലൂടെ പുരുഷന്‍മാരുടെ കാന്‍സര്‍ സ്‌ക്രീനിംഗും ആരംഭിച്ചിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 വയസിന് മുകളിലുള്ള മുഴുവന്‍ പേരേയും സ്‌ക്രീനിംഗ് നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലാണ്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ജെറിയാട്രിക് കെയറിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ സംസ്ഥാനം രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനം നടത്തി. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ വളരെയധികം കുറവ് വരുത്താന്‍ സാധിച്ചു. കിഫ്ബി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വലിയ വികസനമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. വനിതകളുടെ ശാക്തീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളേയും സംഘം അഭിനന്ദിച്ചു.

എംപിമാരായ ലീ ടാര്‍ലാമിസ് ഓം, പോളിന്‍ റിച്ചാര്‍ഡ്‌സ്, ബെലിന്‍ഡ വില്‍സണ്‍, ഷീന വാട്ട്, ജൂലിയാന അഡിസണ്‍ തുടങ്ങിയവരുടെ സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെയും ചര്‍ച്ചയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!