ദില്ലി: രാജ്യത്തെ വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനാനവുമായി കേന്ദ്രസര്‍ക്കാര്‍. ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ രാജ്യത്തെ ഏത് സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമ നടപടികള്‍ ഒഴിവാക്കി ഉപയോഗിക്കാന്‍ സാധിക്കും. കേന്ദ്രഗതാഗത വകുപ്പ് പുറത്തിറക്കിയ ബിഎച്ച് രജിസ്‌ട്രേഷന്‍ അടുത്ത മാസം പതിനഞ്ച് മുതലാണ് നിലവില്‍ വരുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഭാരത് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
പ്രതിരോധ വകുപ്പ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബിഎച്ച് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.
നിലവിലെ നിയമം അനുസരിച്ച് ഒരു വാഹന ഉടമ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് താമസം മാറിയാല്‍ പഴയ രജിസ്‌ട്രേഷനിലുള്ള ഒരു വര്‍ഷം മാേ്രത പുതിയ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. അതിനുശേഷം വാഹനം മുന്‍പ് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്ന് എന്‍ഓസി ഉള്‍പ്പെടെ ഹാജരാക്കി വാഹനം പുതുക്കി രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഈ സാഹചര്യത്തെ ഒഴിവാക്കുകയാണ് പുതുക്കിയ ഏകീകൃത സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍.
ബിഎച്ച് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ബന്ധമില്ല. ഇത്തരത്തില്‍ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ഉള്ള നികുതി അടച്ച് ഉപഭോക്താവിന് ആവശ്യമെങ്കില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാഹനം വാങ്ങിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്ന രണ്ട് അക്കം, ബിഎച്ച് എന്നീ അക്ഷരങ്ങള്‍,നാല് അക്കങ്ങള്‍ ഏറ്റവും ഒടുവില്‍ രണ്ട് ഇംഗ്ലീഷ് സീരിയല്‍ അക്ഷരങ്ങള്‍ ഇതായിരിക്കും ഭാരത് സീരീസ് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളുടെ രൂപം.
ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഭാരത് സീരീസില്‍ അടുത്ത മാസം പതിനഞ്ച് മുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ഭാരത് സീരീസ് രജീസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെങ്കിലും ഏകീകരിച്ച രജിസ്‌ട്രേഷന്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കാനായി കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് തുടക്കം കുറിക്കുകയാണ് ബി എച്ച് സീരീസ്.




