HIGHLIGHTS : Wayanad Disaster: Union Forest Minister's statement should be retracted; Minister AK Saseendran
വയനാട് ഉരുള്‍പൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തില്‍ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദര്‍ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ കത്തയച്ചു. ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുക്കുന്ന വേളയില്‍ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലെ ദുരന്തത്തിന് ഇരയായവര്‍ കാലാകലങ്ങളില്‍ ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായാണ് അവിടെ താമസിച്ച് വന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്ത കനത്ത മഴയാണ് ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശത്തെ ഉരുള്‍പൊട്ടലിന് കാരണമായത്. ഈ പ്രദേശം ദുരന്തസാധ്യതാ മേഖലയില്‍ ഉള്‍പ്പെടുന്നുമില്ല. ദുരന്തസ്ഥലത്ത് നിന്നും 10 കി.മീറ്ററിലേറെ ദൂരെയാണ് കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ ഇത് നിരാകരിക്കുകയാണെന്നും മന്ത്രി കത്തില്‍ പറയുന്നു.
ദുരിതബാധിതര്‍ക്ക് ഉടനടി ആശ്വാസം നല്‍കുന്നതിനും സുസ്ഥിരമായ പരിഹാര ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനും ഉള്ള സമയമാണിത്. ഈ ദുര്‍ബല സമൂഹത്തെ അവരുടെ കഷ്ടപാടുകള്‍ക്കിടയില്‍ കുറ്റപ്പെടുത്തുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സമഗ്രമായ പരിസ്ഥിതി നയങ്ങള്‍, ശക്തമായ ദുരന്ത നിവാരണ പദ്ധതികള്‍, പരിസ്ഥിതിയെയും പ്രദേശ വാസികളുടെ അവകാശങ്ങളെയും മാനിക്കുന്ന തരത്തിലുള്ള വികസനപദ്ധതികള്‍ തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നാം ചെയ്യേണ്ടത്. ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കി.
കേന്ദ്രമന്ത്രിയുടെ നിലപാട് പുനപരിശോധിച്ച് പ്രസ്താവന പിന്‍വലിക്കണമെന്നും ഈ ദുരന്തസമയത്ത് വയനാട്ടിലെ ജനങ്ങളെ പിന്തുണയ്ക്കണമെന്നും ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ ക്രിയാത്മകമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു