സ്ത്രീകള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങുന്നു

ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളത്തിൽ ഉയർന്നു വന്ന ഗുണപരവും, അതേ പോലെ പ്രതിലോമകരവുമായ ചർച്ചകൾ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യത്തിൽ തങ്ങളുടെ നിലപാടുകൾ  വ്യകതമാക്കുകയാണ്  സാമൂഹ്യ – സാംസ്കാരിക രംഗത്തെ വിവിധ തുറകളിലെ പെൺ സാനിധ്യങ്ങൾ. വനിതാ മതിലിന്റ പ്രസക്തിയും ചർച്ച ചെയ്യപ്പെടുന്നു

മലയാളം സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറും, സാസംകാരിക പ്രവര്‍ത്തകയുമായ ഡോ.സുനീത ടിവി എഴുതുന്നു

ന്യൂഡ് മേക്കപ്പിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് നിവേദിത മേനോന്റെ ‘സീയിംഗ് ലൈക് എ ഫെമിനിസ്റ്റ്’ എന്ന പുസ്തകം ആരംഭിക്കുന്നത് (വിവര്‍ത്തനം ജെ. ദേവിക). മേക്കപ്പ് ഇട്ടിട്ടുണ്ട് എന്ന മനസ്സിലാക്കാന്‍ പറ്റാത്ത ഒരുതരം മേക്കപ്പാണിത്. അതുപോലെതന്നെയാണ് കഠിനാധ്വാനം ചെയ്ത് വിവേചനപരമായ സാമൂഹ്യവ്യവസ്ഥ സ്വാഭാവികമെന്നോണം നിലനിര്‍ത്തപ്പെടുന്നതും.

പുരുഷാധിപത്യവും ഇതുപോലെ പുറമേക്ക് എല്ലാം സ്വാഭാവികം എന്നു തോന്നിപ്പിക്കുന്നു. അതിനെ അഴിച്ചു നോക്കിയാല്‍ സ്ത്രീവിരുദ്ധതയുടെ സങ്കീര്‍ണമായ നിരവധി അടരുകള്‍ കൂടിക്കുഴഞ്ഞു കിടക്കുന്നത് കാണാനാവും.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മനുഷ്യവികസന സൂചികകളില്‍ പലതിലും വലിയ പുരോഗതി കൈവരിച്ചിട്ടുള്ള ഒരു നാടാണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സ്ത്രീപുരുഷാനുപാതം എന്നിവയില്‍ കേരളീയര്‍ ഏറെ മുന്നിലാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പെണ്‍കുട്ടികളാണ് കൂടുതലായി പഠിച്ചിറങ്ങുന്നത്. ആരോഗ്യമേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ ലോകപ്രസിദ്ധമാണ്.

എന്നാല്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഈ നേട്ടങ്ങള്‍ക്കപ്പുറം കേരളീയസ്ത്രീയുടെ അവസ്ഥ എന്താണ്? വീടിനുപുറത്തുപോയി പഠിച്ച് ഉന്നതബിരുദം നേടുന്ന മലയാളി സ്ത്രീ എന്തുകൊണ്ട് പലപ്പോഴും ഇരയായി മാറുന്നു? ഗാര്‍ഹിക അതിക്രമത്തിനു മുന്നില്‍ അവള്‍ നിശബ്ദയായി പോകുന്നതെന്തുകൊണ്ട്? പുരുഷന്മാര്‍ കയ്യടക്കിവെച്ചിരിക്കുന്ന പൊതു ഇടങ്ങളിലേക്ക് ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ കടന്നുചെന്ന് ഞാനും നിങ്ങളെ പോലെ പഠിച്ചവളാണ്, എനിക്കിവിടെ തുല്യമായ ഇടമുണ്ട് എന്നു പ്രഖ്യാപിക്കാന്‍ അവള്‍ക്ക് കഴിയാത്തത് എന്തുകൊണ്ട്?… ജെ ദേവിക ‘കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ’ എന്ന പുസ്തകത്തില്‍ അന്വേഷിക്കുന്നു. എന്തുകൊണ്ടാണ് 60 ശതമാനത്തിലധികം വരുന്ന പഠിച്ച സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ വരുമാനമുള്ള ജോലികള്‍ ചെയ്യാതെ വീട്ടിലിരിക്കുന്നത്? എന്തുകൊണ്ടാണ് നിയമസഭയിലും ലോക്സഭയിലും ഒക്കെ കേരളീയ സ്ത്രീ സാന്നിധ്യം ഇത്രമേല്‍ ചുരുക്കമായിരിക്കുന്നത്? എന്തുകൊണ്ടാണ് സാമ്പത്തിക സജീവതയുള്ള സ്ത്രീകള്‍ ഇത്ര കുറവായിരിക്കുന്നത്? എന്തുകൊണ്ടാണ് സ്ത്രീക്ക് കുടുംബത്തിലും പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഒക്കെ അര്‍ഹമായ സ്ഥാനവും സ്വയം നിര്‍ണയാവകാശവും ലഭിക്കാത്തത്? ഏറ്റവും വലിയ ചോദ്യം ഇതെല്ലാം ഇത്രമേല്‍ സ്വാഭാവികമായി നാം അംഗീകരിച്ച് നിലനിര്‍ത്തിപ്പോരുന്നത് എന്തുകൊണ്ട്?

ചോദ്യങ്ങള്‍ ഇനിയുമെത്രയോ ഉണ്ട്. ചോദ്യങ്ങള്‍ ചോദിക്കുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ഒന്നാമത്തെ ഘട്ടം മാത്രമാണ്. ഇന്ന് സ്ത്രീകള്‍ ഇതെല്ലാം പതുക്കെയെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. സൈബര്‍ സ്‌പേസിലെ തുറന്നുപറച്ചിലുകളിലൂടെ ; സിനിമ, സീരിയല്‍ ഉള്‍പ്പടെയുള്ള തൊഴില്‍മേഖലകളില്‍ കാലങ്ങളായി അനുഭവിച്ചുവന്ന വിവേചനങ്ങളെ ധീരമായി ചോദ്യം ചെയ്യുന്നതിലൂടെ; ഇരിക്കാനുള്ള അവകാശത്തിനായുള്ള സമരങ്ങളിലൂടെ; പെമ്പിളൈ ഒരുമൈ, നില്‍പ്പ് സമരം, ചുംബന സമരം, മീ റ്റു ഹാഷ് ടാഗ് ക്യാമ്പയിന്‍ തുടങ്ങിയവയിലൂടെ ഒക്കെ മാറ്റം ദൃശ്യമായി തുടങ്ങിയിട്ടുണ്ട്, വളരെ പതുക്കെയെങ്കിലും.

വര്‍ഗ്ഗീയത ജീവിതത്തിന്റെ സര്‍വ്വ മേഖലയിലേക്കും വേരുകളാഴ്ത്തുന്ന, അക്രമവും ഹിംസയും കൊണ്ട് ജീവിതത്തെ ഭീതിയിലാഴ്ത്തുന്ന ഇക്കാലത്ത് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂട സ്ഥാപനങ്ങളും മാധ്യമങ്ങളും പൊതുമണ്ഡലവും ഒക്കെ സ്ത്രീ സാന്നിധ്യവും സ്ത്രീ നേതൃത്വവും ആനുപാതികമായി പുലരുന്ന ഇടങ്ങളായി മാറേണ്ടതുണ്ട്. അതിനുള്ള നൈതിക ജാഗ്രതയും സംഘടിതമായ പ്രവര്‍ത്തനങ്ങളുമാണ് കാലഘട്ടം ഇന്ന് ആവശ്യപ്പെടുന്നത്.

Related Articles