മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന നവകേരള സദസ്സിന്റെ വള്ളിക്കുന്ന് മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ സംസ്ഥാനം ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും ഇതിനെല്ലാം സഹായകരമായത് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ജനങ്ങള്‍ വരെയുള്ളവരുടെ കൂട്ടായ പരിശ്രമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനകം അദിദാരിദ്ര്യം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റും. ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് ബഹുജന സദസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തലസ്ഥാനത്ത് മാത്രം ഭരണ നിര്‍വഹണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പൊതുജന സമക്ഷമെത്തി ജനങ്ങളെ ശ്രവിക്കും.
ആരോഗ്യ രംഗം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ള പദ്ധതി എന്നിവയിലും കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ലത അധ്യക്ഷത വഹിച്ചു.
സര്‍ക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള സദസ്സ് നടത്തുന്നത്. നവംബര്‍ 28 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ബഹുജന സദസ്സ് നടക്കും പരിപാടിയുടെ മുന്നോടിയായി രാവിലെ ഒമ്പതിന് മലപ്പുറത്ത് പ്രഭാത സദസ്സ് നടക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും സദസ്സില്‍ സംവദിക്കും.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം.കെ ജയരാജ് ചെയര്‍മാനും ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. നവകേരള സദസ്സിനു മുന്നോടിയായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
മുന്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുള്‍ വഹാബ്, വിരമിച്ച മുന്‍ എ.ഡി എം ബാലകൃഷ്ണ കുറുപ്പ്, കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍ പ്രഫസര്‍ വി പി ശശിധരന്‍ , വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, അനീഷ്, സതി, കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്‍, തേഞ്ഞിപ്പാലം എസ്.എച്ച്.ഒ പ്രദീപ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തികളും പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




