ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് അവസരോചിതവും, ദീര്‍ഘവീക്ഷണവുമുള്ളതും: വഖഫ് മന്ത്രി വി. അബ്ദുറഹ്മാന്‍

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന കേരളാ ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാര്‍ഹവും അവസരോചിതവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

പള്ളികള്‍ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളും വിഭാഗങ്ങളും സൗഹാര്‍ദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാര്‍ദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കി ജ്യേഷ്ഠാനുജന്മാരെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട്.

വഖഫ് ബോര്‍ഡ് നിയമന മുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്. ഈ അവസരം ഉപയോഗപ്പെടുത്താതെ എടുത്തുചാടി പള്ളികള്‍ പ്രതിഷേധ ഇടമാക്കുന്നത് ദുഷ്ടലാക്കോടെയാണ്. സര്‍ക്കാര്‍ തീരുമാനങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ അവസരമുണ്ടെന്നിരിക്കെ അരാധനലയങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സാമൂഹിക ഐക്യം ഇല്ലാതാക്കി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. പള്ളികളും വഖഫ് സ്വത്തുക്കളും ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല.

മഹല്ലുകളില്‍ താമസിക്കുന്ന ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കപ്പെടണം. മതത്തില്‍ യാതൊരു തരത്തിലുള്ള ബലാല്‍ക്കാരത്തിനും സ്ഥാനമില്ല.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top