
വാഷിങ്ടണ്‍ ഡിസി:തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെടിയുതിര്‍ത്തതോടെ ട്രംപ് നിലത്തേക്ക് വീണു.ചോരയൊലിക്കുന്ന മുഖത്തോടെയാണ് ട്രംപ് എഴുനേറ്റത്.
വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.
ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണമുണ്ടായപ്പോള്‍ വേഗത്തില്‍ ഇടപെട്ട സുരക്ഷാ സേനയ്ക്കും നിയമപാലകര്‍ക്കും നന്ദിപറഞ്ഞ് ട്രംപ് രംഗത്തെത്തി. സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ പ്രസ്താവനയില്‍ പ്രതികരിച്ചു. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് നിയമപാലകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




