ഹോർമുസിൽ അമേരിക്കയുടെ സൈനിക ഉപരോധം ആരംഭിച്ചു, ഇറാൻ കപ്പലുകൾ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിം​ഗ്ടൺ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു ഇറാനിയൻ കപ്പലിനെയും ഉടനടി തകർക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. പാകിസ്താനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടത്.

ഹോർമൂസിൽ കൂടി കടന്ന് പോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനേയും തടഞ്ഞ് പിടിച്ചെടുക്കുമെന്ന് യുഎസ് കമാൻഡ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷ ബാധിത പ്രദേശം കടക്കാൻ ശ്രമിക്കുന്ന കപ്പലിനെ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസിൻ്റെ ഭീഷണി. കപ്പലിൻ്റെ പതാക പരി​ഗണിക്കാതെ തടയുമെന്നാണ് യുഎസ് സെൻട്രൽ കമാൻഡിൻ്റെ ഭീഷണി ഉയർത്തിയത്.

ഇറാനിയന്‍ നാവികസേനയെ ഇതിനോടകം തന്നെ അമേരിക്ക തകര്‍ത്തുകഴിഞ്ഞെന്നും 158 ഇറാനിയന്‍ കപ്പലുകള്‍ കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു. അവശേഷിക്കുന്ന ഇറാനിയന്‍ ‘ഫാസ്റ്റ് അറ്റാക്ക്’ കപ്പലുകള്‍ ഉപരോധ മേഖലയിലേക്ക് വന്നാല്‍ അവ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, അമേരിക്കയുടെ നടപടി കടൽക്കൊള്ളയ്ക്ക് തുല്യമാണെന്നും തങ്ങളുടെ സുരക്ഷ അപകടത്തിലായാൽ മേഖലയിലെ മറ്റ് തുറമുഖങ്ങളും സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top