
വന്‍നഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയില്‍ ചെറുതാണെങ്കിലും ജനസാന്ദ്രതയില്‍ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണയായി നഗരവല്‍ക്കരണം വ്യവസായവല്‍ക്കരണത്തിന്റെ ഒരു ഉപ- ഉല്‍പ്പന്നമാണ്. വന്‍കിട വ്യവസായ നഗരങ്ങള്‍ക്ക് ചുറ്റും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കാന്‍ തുടങ്ങുകയും നഗരങ്ങള്‍ക്ക് ഉപഗ്രഹനഗരങ്ങള്‍ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ നഗരവല്‍ക്കരണം സംഭവിക്കുന്നത് വ്യവസായവല്‍ക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങള്‍ അതിലുണ്ട്. കാലാകാലങ്ങളായി വിദേശരാജ്യങ്ങളുമായി നിലനിന്ന വാണിജ്യ ബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയര്‍ന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വരുമാന നിലവാരം, കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയെല്ലാം കേരളത്തിന്റെ നഗരവല്‍ക്കരണത്തിന് കാരണമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുടിയൊഴിപ്പിക്കല്‍ നിരോധനവും, കാര്‍ഷിക നിയമങ്ങളും, ഭൂപരിഷ്‌കരണ നിയമവും സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണങ്ങള്‍ ജനങ്ങളെ വിദ്യാസമ്പന്നരാക്കി. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ മുതല്‍ വലിയ വ്യവസായങ്ങള്‍ക്ക് വരെ നല്‍കിയ പിന്തുണ കേരളത്തിന്റെ എല്ലായിടങ്ങളിലും വ്യവസായങ്ങള്‍ എത്തിച്ചു. ഇവയെല്ലാം ഭൂരിഭാഗം ഗ്രാമങ്ങളെയും നഗരവല്‍ക്കരണത്തിലേക്ക് നയിച്ചു. നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഏറ്റെടുക്കുവാനും അവയെ അവസരങ്ങളാക്കി മാറ്റുവാനും കഴിയണം. അതിനുവേണ്ടിയാണ് നവകേരളം എന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ തുടരുന്നതിനും, നഗരവല്‍ക്കരണം മൂലം സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള കര്‍മ്മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, മാലിന്യമുക്ത നവകേരളം എന്നീ മിഷനുകള്‍ എല്ലാം ഇതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം, പാര്‍പ്പിട ലഭ്യത, പൊതുആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് ഈ കര്‍മ്മ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. മികച്ച ഗതാഗത സംവിധാനങ്ങളും, റോഡുകളും, ഊര്‍ജ്ജലഭ്യതയും ഉറപ്പുവരുത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവ ലോകം ഉറ്റുനോക്കുന്ന വികസന പദ്ധതികളാണ്. കെ ഫോണ്‍, പബ്ലിക് വൈഫൈ, ഹോട്ട്സ്പോട്ട് എന്നിവയിലൂടെ വെര്‍ച്വല്‍ കണക്ടിവിറ്റിയും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും നല്‍കിയുള്ള വികസനമാണ് സര്‍ക്കാര്‍ ഉന്നം വെക്കുന്നത്. നാടിന്റെ താഴെത്തട്ടിന്റെ വികസനവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ലൈഫ് മിഷനിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ നിര്‍മ്മിച്ചു, 5000 കോടി രൂപ ചെലവിട്ടു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നത നിലവാരമുള്ളവയാക്കി, 5000 ല്‍ അധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി, നാല് ലക്ഷം പട്ടയങ്ങള്‍ ലഭ്യമാക്കി. ഇതെല്ലാം സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ദാരിദ്ര്യനിര്‍മാര്‍ജനം, മാലിന്യനിര്‍മാര്‍ജനം, തൊഴിലവസരങ്ങള്‍ ഉറപ്പാക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നി വെല്ലുവിളികളും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കേരളപ്പിറവി ദിനത്തില്‍ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും, മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. നിലവില്‍ 20,000 മിനി മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളും, 1400 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും, 40,000 അംഗങ്ങളുള്ള ഹരിതകര്‍മ്മ സേനയും ഇതിനായി പ്രവര്‍ത്തിക്കുന്നു. തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിന് ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ എന്നിങ്ങനെയുള്ള സംരംഭകത്വ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും, നൈപുണ്യ പരിശീലനവും സര്‍ക്കാര്‍ നല്‍കിവരുന്നു. ഇന്ന് കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസിലും, ഐടി കയറ്റുമതിയിലും മുന്നിലാണ്. സ്റ്റാര്‍ട്ടപ്പ് മേഖല 20 ഇരട്ടിയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരവല്‍ക്കരണത്തിന്റെ വിവിധമാനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ദേശീയ അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നഗരനയം രൂപീകരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ നഗരത്തിനും അതിനുതകുന്ന പ്രത്യേക പദ്ധതികള്‍ വേണം. നഗര ജല വിനിയോഗവും, വിതരണവും മറ്റൊരു ഗൗരവകരമായ വിഷയമാണ്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആവശ്യമാണ്. നമ്മുടെ കേരളം ജലസ്രോതസ്സുകളില്‍ സമ്പന്നമാണ് എങ്കിലും അവയില്‍ പലതും ഉപയോഗശൂന്യമാണ്. നഗരങ്ങളിലെ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കണം. അവയിലെ ജലം ഉപയോഗിക്കാന്‍ കഴിയുന്ന നിലയിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നുള്ള ചര്‍ച്ച വേണം. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന പുതിയ സാമ്പത്തിക കാഴ്ചപ്പാടുകളും തൊഴില്‍ സ്വഭാവവും അഭിസംബോധന ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഗിഗ് ഇക്കണോമി വളരുന്നതായാണ് പറയപ്പെടുന്നത്. ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ എങ്ങനെ കഴിയും എന്നതിനെപ്പറ്റി ചര്‍ച്ച ഉണ്ടാവണം. പൊതു തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് എവെ ഫ്രം വര്‍ക്ക് തുടങ്ങിയ തൊഴില്‍ സംസ്‌കാരങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ നഗരവികസനം സാധ്യമാകണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ട്രാഫിക് സംവിധാനങ്ങളും ഊര്‍ജ്ജവിതരണ സംവിധാനങ്ങളും വിപുലമായിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളെ എങ്ങനെ പൂര്‍ണമായി ഭിന്നശേഷി സൗഹൃദമാക്കാം എന്നതിനെ കൂറിച്ചും പഠനങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ഭവന നിര്‍മ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയായി. ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, ഹിമാചല്‍ പ്രദേശ് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ്, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, കേരള അര്‍ബന്‍ പോളിസി കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എം സതീഷ് കുമാര്‍, എം.എല്‍.എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, കെ ജെ മാക്സി, ടി ജെ വിനോദ്, കെ ബാബു, ഉന്നത വിദ്യാഭ്യാസ, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുല്ല, സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




