Section

malabari-logo-mobile

സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്തും

HIGHLIGHTS : ഹയര്‍ സെക്കണ്ടറി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ശേഷം ജൂണ്‍ ആദ്യവാരം സര്‍വകലാശാലാപരീക്ഷകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ. ടി. ജ...

ഹയര്‍ സെക്കണ്ടറി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ശേഷം ജൂണ്‍ ആദ്യവാരം സര്‍വകലാശാലാപരീക്ഷകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയില്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായി.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ സര്‍വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തായിരിക്കും പരീക്ഷാതീയതികള്‍ തീരുമാനിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാവും.

സര്‍വകലാശാലയുടെ പരിധിക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കും. അടുത്ത അദ്ധ്യയനവര്‍ഷം ക്ലാസുകള്‍ ജൂണ്‍മാസത്തില്‍ത്തന്നെ ഓണ്‍ലൈനായി ആരംഭിക്കാനും തീരുമാനിച്ചു.
ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹാജര്‍, അദ്ധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകള്‍ എന്നിവ പ്രിന്‍സിപ്പല്‍മാര്‍ സൂക്ഷിക്കേണ്ടതും സര്‍വ്വകലാശാലകള്‍ ഇത് പരിശോധിക്കുകയും ചെയ്യും.

sameeksha-malabarinews

സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ/ഓഡിയോ അതാത് അധ്യാപകര്‍ കോളേജിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. സര്‍വകലാശാലകള്‍ കമ്മ്യൂണിറ്റി റേഡിയോ ചാനലുകള്‍ ആരംഭിക്കാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും. ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കും. കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍വകലാശാലകള്‍ ഇതിനാവശ്യമായ നടപടി കൈക്കൊള്ളണം. ഗവേഷണ വിദ്യാര്‍ഥികളുടെ ഓപ്പണ്‍ ഡിഫെന്‍സ് വീഡിയോ കോണ്‍ഫെറന്‍സിങ് മുഖേന നടത്താനുള്ള നടപടി സ്വീകരിക്കാനും തീരുമാനമായി. കേരള, എം.ജി, കെ.ടി.യു, ന്യൂവാല്‍സ്, സംസ്‌കൃതം, കുസാറ്റ്, മലയാളം, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!