HIGHLIGHTS : Under-construction tunnel collapses in Uttarakhand
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു. നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതായി സംശയം. തുരങ്കം തുറന്ന് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്ന് സില്‍ക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാര്‍ധാം റോഡ് പദ്ധതിക്ക് കീഴിലാണ് ഇത് നിര്‍മ്മിക്കുന്നത്, ഉത്തരകാശിയില്‍ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റര്‍ കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗം തകര്‍ന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ഉത്തരകാശി പോലീസ് സൂപ്രണ്ട് അര്‍പണ്‍ യദുവന്‍ഷി സംഭവസ്ഥലത്തെത്തുകയും ചെയ്തു.
സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
40 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുരങ്കം തുറക്കാന്‍ 200 മീറ്ററോളം സ്ലാബ് വൃത്തിയാക്കേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. തുരങ്കത്തില്‍ ഓക്‌സിജന്‍ പൈപ്പ് കയറ്റി കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാന്‍ ഇടുങ്ങിയ ദ്വാരം ഉണ്ടാക്കിയിട്ടുണ്ട്.