ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം: മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജൂലൈ 19ന് രാവിലെ 10.30ന് തിരുവനന്തപുരം പാളയം പാണക്കാട് ഹാളില്‍ വച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) റീബ്രാന്റിംഗ് സംസ്ഥാനതല ഉദ്ഘാടനവും ബാല സംരക്ഷണ മേഖലയില്‍ സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യൂണിസെഫ് സഹായത്തോടെ നിര്‍മ്മിച്ച വീഡിയോ പ്രകാശനവും മന്ത്രി നിര്‍വഹിക്കും. കുട്ടികള്‍ക്ക് നേരിട്ട് വിളിച്ച് പരാതി പറയാന്‍ കഴിയുന്ന രീതിയില്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ബാലസൗഹൃദമാക്കി റീബ്രാന്റിംഗ് ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു. ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികളേയാണ് അവാര്‍ഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ കളക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top