യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മലപ്പുറത്ത് കള്ള്ഷാപ്പ് ലേലം നിര്‍ത്തിവെച്ചു

മലപ്പുറം: രാജ്യത്ത് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ മലപ്പുറം കളക്ട്രേറ്റില്‍ നടന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ലേലം നിര്‍ത്തിവെച്ചു.

2020-21 വര്‍ഷത്തേക്കുള്ള മലപ്പുറം ജില്ലയിലെ കള്ളുഷാപ്പുകളുടെ ലേലമാണ് ഇന്ന് കലക്ടറുടെ അധ്യക്ഷതയില്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരും കള്ള് ഷാപ്പ് ലേലത്തില്‍ എടുക്കാന്‍ വന്നവരുമടക്കം നൂറോളം പേര്‍ ഹാളിലുണ്ടായിരുന്നു. ലേല നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് യുവജന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ലേലം നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

പ്രവര്‍ത്തകര്‍ ലേലഹാളിനുള്ളിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പോലീസും എക്‌സൈസും ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും അവര്‍ പിരിഞ്ഞ് പോവാതെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ലേലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലെ ഉത്തരവുപ്രകാരം നാളെയും ലേലം നടക്കേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top