
ദുബായ് : ഡാറ്റ മുഴുവനായും ഇല്ലാതാക്കി സിസ്റ്റങ്ങൾ പ്രവർത്തനരഹിതമാക്കാൻ രൂപകൽപ്പന ചെയ്ത ‘വൈപ്പർ’ മാൽവെയറിനെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ രക്ഷാസമിതി. ഡാറ്റ മായ്ച്ചുകളയുകയും കംപ്യൂട്ടർ സംവിധാനങ്ങളെ ഉദ്ദേശ്യപൂർവം തകരാറിലാക്കുകയും ചെയ്യുന്ന ഏറ്റവും നാശകാരികളായ സോഫ്റ്റ്വെയറുകളിൽ ഒന്നാണ് വൈപ്പർ മാൽവെയറെന്നും സമിതി വ്യക്തമാക്കി. ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
വ്യക്തികളും സ്ഥാപനങ്ങളും പിന്തുടരേണ്ട നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചു.
കംപ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും പതിവായി അപ്ഡേറ്റ് ചെയ്യുക, സംശയാസ്പദമായ ലിങ്കുകളും വിശ്വാസമില്ലാത്ത ഫയലുകളും തുറക്കാതിരിക്കുക, പ്രധാനപ്പെട്ട ഡാറ്റയുടെ സ്ഥിരമായ ബാക്കപ്പ് സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വ്യക്തികൾക്കായി നൽകിയിരിക്കുന്നത്.
വേർതിരിച്ചുള്ള ബാക്കപ്പുകൾ ഒരുക്കുകയും അവ പതിവായി പരിശോധിക്കുകയും ചെയ്യുക. ആക്‌് സ് അനുമതികൾ നിയന്ത്രിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്യുക, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്തുക എന്നിവയാണ് സ്ഥാപനങ്ങൾക്കായി ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങളുടെ സ്ഥിരത ഉറപ്പാക്കാനും ഡാറ്റ സംരക്ഷിക്കാനും സൈബർ ഭീഷണികളെ കുറയ്ക്കാനും ജാഗ്രതയും മുൻകരുതലുകളും അനിവാര്യമാണെന്നും സമിതി വ്യക്തമാക്കി.




