ഗ്യാസ് ബുക്കിങ്ങിന്റെ മറവിൽ സൈബർ തട്ടിപ്പ് വ്യാപകം; ജാഗ്രത

തിരുവനന്തപുരം : രാജ്യത്താകമാനം പാചക വാതക പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിന്റെയും ബിൽ അപ്ഡേഷന്റെയും പേരിൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.

ആദ്യം മൊബൈൽ ഫോണിലേക്ക് ടെക്സ്റ്റ് സന്ദേശം വരുന്ന രീതിയിലാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വാട്‌സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ അയച്ചു നൽകും. ഗ്യാസ് ബുക്കിങ്ങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടും. ഈ APK ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിൻ്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിൻ നമ്പറുകളും ചോർത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടമാവുകയും ചെയ്യും.

തട്ടിപ്പിനിരയാകാതിരിക്കാനുള്ള ജാഗ്രത നിർദ്ദേശങ്ങൾ

അപരിചിത ലിങ്കുകൾ ഒഴിവാക്കുക: വാട്‌സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന APK ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.

സിലിണ്ടർ ബുക്കിങ്ങിനും പേയ്മെൻ്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.

അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ നേരിട്ട് ഏജൻസിയുമായി ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പുവരുത്തുക.

ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്.

സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യണം.

Share news
error: Content is protected !!
Scroll to Top