നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ എന്‍ക്യുഎസ്, ലക്ഷ്യ അംഗീകാരങ്ങള്‍ ഒരുമിച്ച്

HIGHLIGHTS : Two National Quality Accreditations for Nilambur District Hospital NQS and LASA accreditations together

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ആശുപത്രി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്‌കോറോടെയാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം നേടിയത്. മാതൃ ശിശു പരിചരണത്തിന് ലക്ഷ്യ സ്റ്റേന്റേഡ്സിലേക്ക് ഉയര്‍ത്തിയതിന് മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ 95.74 ശതമാനം സ്‌കോറും ലേബര്‍ റൂം 90.25 ശതമാനം സ്‌കോറും നേടിയാണ് ലക്ഷ്യ അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ ആകെ 227 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 14 ആശുപത്രികള്‍ക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

sameeksha

ഈ സര്‍ക്കാരിന്റെ കാലത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ അംഗീകാരങ്ങള്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 21 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 3 നെഗറ്റീവ് പ്രഷര്‍ ഐസൊലേഷന്‍ ഐസിയുകള്‍ സജ്ജമാക്കി. ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വയോജന വാര്‍ഡുകള്‍ സജ്ജമാക്കി. സര്‍ക്കാരിന്റ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ നിര്‍ണയ ഹബ് ആന്റ് സ്പോക്ക് ലാബ് നെറ്റ് വര്‍ക്കിംഗിലെ ഹബ് ലാബായി തിരഞ്ഞെടുത്ത മലപ്പുറം ജില്ലയിലെ ആദ്യത്തെ ലാബോട്ടറിയാണ് നിലമ്പൂര്‍ ജില്ലാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ലാബ്.

ഈ സര്‍ക്കാരിന്റെ കാലത്താണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രക്തഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള സൗകര്യത്തോടെയുള്ള രക്ത ബാങ്ക്, മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവ സജ്ജമാക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

അത്യാഹിത വിഭാഗം, ജനറല്‍, സ്പെഷ്യാലിറ്റി വിഭാഗം എന്നിവയിലെല്ലാം മികച്ച സേവനങ്ങളാണ് നല്‍കിവരുന്നത്. ദിവസവും രണ്ടായിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 300 ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ചികിത്സിക്കുന്നതിനായി ഐസിയു സംവിധാനം സജ്ജമാണ്. ആദിവാസി മേഖലയിലെ ഈ ആശുപത്രിക്ക് കാത്ത് ലാബിനായി ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും 4 ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതി കൂടിയാണ് ഈ ദേശീയ അംഗീകാരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!