തിരൂരില്‍ ടാങ്കര്‍ ലോറിയും മിനിലോറിയും അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്

തിരൂര്‍- താനൂര്‍ റൂട്ടില്‍ വലിയ പാടത്ത് കാലിയായ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറി. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. വാഴക്കുല കയറ്റി പോകുകയായിരുന്ന മിനിലോറിയുടെ ടയര്‍ പൊട്ടിനിയന്ത്രണം വിട്ട് മിനിലോറി റോഡില്‍ മറിയുകയായിരുന്നു.

തൊട്ടുപിന്നാലെ വന്ന ഡീസല്‍ ഇറക്കി വന്ന കാലിയായ ടാങ്കര്‍ ലോറി മിനിലോറിയിലുള്ളവരെ ഇടിക്കാതിരിക്കാന്‍ ടാങ്കര്‍ വെട്ടിച്ചപ്പോള്‍ മിനിലോറിയില്‍ തട്ടി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കടയുടെ മുന്‍ഭാഗം തകര്‍ന്നു.

താനൂരില്‍ നിന്ന് അസി. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സലാമിന്റെയും തിരൂര്‍ ഫയര്‍‌സ്റ്റേഷനിലേയും ജീവനക്കാരെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിലേറെ തിരൂര്‍- താനൂര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ കാലിയായതു കാരണം വന്‍ ദുരന്തമാണ് ഒഴിവായത്‌.

Share news
error: Content is protected !!
Scroll to Top