കാര്‍ ആക്രമിച്ച് രണ്ട് കോടി തട്ടിയവര്‍ താനൂര്‍ പോലീസിന്റെ പിടിയില്‍

താനൂര്‍: കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടി രൂപ കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരൂരങ്ങാടി ടി സി റോഡില്‍ തടത്തില്‍ അബ്ദുള്‍ കരീം (54), ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് (44) എന്നിവരാണ് താനൂര്‍ പൊലീസ് പിടിയിലായത്.

ആഗസ്റ്റ് 14ന് രാത്രി പത്തോടെ നന്നമ്പ്ര സ്‌കൂള്‍പ്പടിയിലാണ് കേസിനാസ്പദമായ സംഭവം. തെന്നല സ്വദേശികളായ രണ്ടു പേര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് കാറില്‍ സൂക്ഷിച്ച രണ്ടു കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. വിദേശത്ത് നടന്ന ഇടപാടുമായി ബന്ധപ്പെട്ട പണവുമായി കാറില്‍ വരുമ്പോഴാണ് ആക്രമണമുണ്ടായത്. നാലുപേര്‍ ചേര്‍ന്ന് മാരകായുധങ്ങളുമായി കാര്‍ അടിച്ചുതകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവര്‍ന്നെടുത്തെന്നാണ് പരാതി

കുറ്റകൃത്യത്തിനുശേഷം സംഘം ആഗസ്റ്റ് 16ന് ഗോവയിലേക്ക് കടക്കുകയായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സംഘത്തിനെ പിന്തുടര്‍ന്ന് അന്വഷണ സംഘം ഗോവയില്‍ എത്തിയിരുന്നു. പിന്നീട് തിരിച്ച് വരുന്ന വഴിലാണ് കോഴിക്കോട് വെച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

കാറില്‍ വന്ന നാലംഗ സംഘത്തിലെ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയെയും കസ്റ്റഡിയിലെടുത്തു. ഇയാള് കുറ്റകൃത്യത്തിനായി കാറില്‍ വന്നവരില്‍ ഒരാളാണ്.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.

കാര്‍ ആക്രമിച്ച് പണം കവര്‍ന്ന നാലുപേരും സാമ്പത്തിക ലാഭത്തിനുവേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്തവരാണെന്നും ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയവരെക്കുച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആര്‍ ഐപിഎസ് , മലപ്പുറം ഡിവൈഎസ് പി ബിജു കെ , താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് ,ഇന്‍സ്‌പെക്ടര്‍ ബിജിത്ത് കെ.ടി,സുജിത്ത് എന്‍ ആര്‍ എസ് ഐ,പ്രമോദ് കെ എസ് ഐ, സലേഷ് കെ എസ് ഐ,സിപിഒമാരായ പ്രബീഷ് , അനീഷ് കെ ബി , ബിജോയ് എംഎം , ജയപ്രകാശ് എ, ജയപ്രകാശ് പി വി, ഷബിന്‍ കെ പി, അഖില്‍ രാജ്, മലപ്പുറം ഡാന്‍സഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

 

Share news
error: Content is protected !!
Scroll to Top