
തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ കുഞ്ഞിനെ ഐസിയുവില്‍ കയറി കണ്ടശേഷം പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ ആശുപത്രി ബില്‍ അടയ്ക്കുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യം മുത്തശ്ശി പലരോടും സംസാരിച്ചിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിക്ക് മര്‍ദ്ദനമേറ്റതില്‍ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍, മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നത്. അതേസമയം, പൊലീസിന് മുന്‍പാകെ ഹാജരാകുമെന്ന് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ടിജിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് പറയുന്നു. ടിജിന്‍ മകളെ അടിക്കുന്നതായി താന്‍ കണ്ടിട്ടില്ല. മകള്‍ക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്.
അതേസമയം, താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്റണി റ്റിജിന്‍ പ്രതികരിച്ചു. പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയില്‍ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടന്‍ കാണുമെന്നും ആന്റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.
അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്‌ളാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ആന്റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്റെ അച്ഛന്‍ ഇന്നലെ പറഞ്ഞത്. തുടര്‍ന്ന് ഇന്നലെ പകല്‍ മുഴുവന്‍ പൊലീസ് ആന്റണിയെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.




