ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച കടുത്ത നടപടി, ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാനെതിരെ അടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താൻ നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന് നരകത്തിൽ ജീവിക്കാമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച്ച ഇറാനെ സമ്പൂർണമായി തകർക്കും. പവർ പ്ലാൻ്റുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീർക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനായി ഇറാൻ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48 മണിക്കൂർ സമയം നൽകിയത്. നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന് മേൽ അതിശക്തമായ സൈനികാക്രമണം ഉണ്ടാകുമെന്നും ‘നരകം മുഴുവൻ ഭൂമിയിൽ ഇറങ്ങും’ എന്നുമായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.

യുഎസും ഇസ്രായേലും ചേർന്ന് ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് അടച്ചത്. ഇതോടെ ആഗോള ഊർജവിപണി പ്രതിസന്ധി നേരിട്ടത് യുഎസിന് കനത്ത തിരിച്ചടിയായിരുന്നു. ഹോർമുസ് തുറക്കാൻ ട്രംപ് പല അടവുകളും പ്രയോഗിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാൻ്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് മാർച്ച് 22ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ച് 26ന് ഈ സമയപരിധി പിന്നീട് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനൽകി. വീണ്ടും രണ്ട് ദിവസം കൂടി നൽകുകയാണെന്നാണ് ഇന്നലെ പറഞ്ഞത്.

ഹോർമുസ് തുറക്കാൻ സൈനികമായി ഇടപെടണമെന്ന ട്രംപിൻ്റെ ആവശ്യം നാറ്റോ സൈനിക സഖ്യത്തിലെ രാഷ്ട്രങ്ങൾ തള്ളിയിരുന്നു. ഇതോടെ പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ യുഎസും ഇസ്രായേലും ഒറ്റപ്പെട്ട നിലയിലാണ്. നയതന്ത്ര മാർഗത്തിലൂടെ ഹോർമുസ് പ്രതിസന്ധി പരിഹരിക്കണമെന്ന നിർദേശമാണ് യുകെയും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടു വെച്ചത്. ഇതിനായി യുകെയുടെ നേതൃത്വത്തിൽ ഇന്ത്യ ഉൾപ്പെടെ 40 രാഷ്ട്രങ്ങളുടെ യോഗവും വിളിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top