Section

malabari-logo-mobile

അഷിതക്ക് പ്രണാമം

HIGHLIGHTS : എഴുത്തുകാരി അഷിതയുടെ ആകസ്മികമായ വിടവാങ്ങലിനോട് അവരുടെ പ്രിയപ്പെട്ട വായനക്കാരുടെയും, എഴുത്തകാരുടെയും മുഖപുസ്തകത്തിലൂടെ പങ്കുവെച്ച ചില ശ്രദ്ധേയമായ ഓര...

എഴുത്തുകാരി അഷിതയുടെ ആകസ്മികമായ വിടവാങ്ങലിനോട് അവരുടെ പ്രിയപ്പെട്ട വായനക്കാരുടെയും, എഴുത്തകാരുടെയും മുഖപുസ്തകത്തിലൂടെ പങ്കുവെച്ച ചില ശ്രദ്ധേയമായ
ഓര്‍മ്മകളും, വിടപറച്ചിലുകളും

എസ്.ശാരദക്കുട്ടി
27.3.2019
കിടപ്പറയും അടുക്കളയും മാത്രമാണ് ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴികളെന്ന് അമ്മമാര്‍ നുണ പറഞ്ഞു കൊണ്ടേയിരുന്നു. തങ്ങള്‍ സംതൃപ്തകളെന്നു മകളെ വിശ്വസിപ്പിക്കാന്‍ ഓരോ അമ്മയും കുലീനയുടെ വേഷം കെട്ടിയാടി. കാലങ്ങളായി അമ്മമാര്‍ പെണ്മക്കളോടു പറഞ്ഞു വെച്ച നുണകളാണ് പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ മധുരങ്ങളില്ലാതാക്കിക്കളയുന്നത്.

sameeksha-malabarinews

മകളോട് ഒരമ്മ ഒരിക്കലും ജീവിതത്തെ കുറിച്ച് നുണകള്‍ പറയരുതെന്ന് പഠിപ്പിച്ചു തന്നത് ഈ കഥാകാരിയാണ്. ‘കല്ലുവെച്ച നുണകള്‍ ‘ മറ്റാരോടും പറയാം. മകളോടു പറയരുത്, അവളത് എന്നെങ്കിലും തിരിച്ചറിഞ്ഞ് മുന്നില്‍ വന്ന് ചോദ്യങ്ങള്‍ ചോദിക്കും എന്ന് ഓര്‍മ്മിപ്പിച്ച എഴുത്തുകാരീ പ്രണാമം..

ആരുമല്ലാത്തവര്‍ തരുന്ന നാരങ്ങാ മിട്ടായികളാണ് ജീവിതത്തില്‍ മധുരം കൊണ്ടുവരുന്നതെന്നു പഠിപ്പിച്ച അഷിതയ്ക്ക് കണ്ണീര്‍ പ്രണാമം.. അഷിത എന്നോടു പറഞ്ഞത് സത്യങ്ങള്‍ മാത്രം. അമ്മമാര്‍ ഒരിക്കലും പറഞ്ഞു തരാത്ത ആ സത്യങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു

അബ്ദുല്‍ ഹക്കീം എ.കെ

ഇന്നു രാവിലെ ഒരു കൂട്ടുകാരിയുടെ മെസേജ് വന്നതിങ്ങനെ’ സഹിക്കാനാവുന്നില്ല, കരച്ചില്‍ വരുന്നു, അഷിതേച്ചി പോയീന്ന് ‘.
എനിക്ക് പക്ഷെ കരയാന്‍ തോന്നുന്നേയില്ല. അതവര്‍ക്ക് ഇഷ്ടമാവാനും തരമില്ല. വര്‍ഷങ്ങളായി കഠിന വേദനകളുടെ ലോകത്തായിരുന്നിട്ടും, ആരുടേയും സഹതാപം കൊതിച്ചിട്ടില്ലവര്‍.അടുപ്പമുള്ളവരോട് മാത്രമേ വ്യക്തിപരമായ സങ്കടങ്ങള്‍ പറയാറുണ്ടായിരുന്നുള്ളൂ. അവസാന നാളില്‍ ശിഹാബുദ്ദീനിലൂടെയാണ് കുറെയെങ്കിലും പെയ്‌തൊഴിച്ചത്.
അപാരമായ ശാന്തിയാവും അവരിപ്പോള്‍ അനുഭവിക്കുന്നുണ്ടാവുക. സ്‌നേഹിക്കുന്നവര്‍ക്കെല്ലാം ആ പരമശാന്തിയില്‍ ഒപ്പം ചേരാം…
അഷിത ഇനി എഴുതില്ല.
പ്രിയ എഴുത്തുകാരിക്ക്
ആദരവോടെ വിട….

ഷിജു ദിവ്യ

തീരമണഞ്ഞു , ഈ ആത്മാവിന്റെ അഭയാര്‍ത്ഥിത്വം
…………………………………..

ഒരു തിരക്കിട്ട ട്രെയിന്‍ യാത്രയില്‍, അല്ലെങ്കില്‍ ഒരു നഗരത്തിലെ ഏതെങ്കിലും സ്ഥാപനത്തില്‍ വച്ച് നിങ്ങളൊരാളെ പരിചയപ്പെടുന്നു . ഏറ്റവും ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് അവ/യാള്‍ നിങ്ങളുടെ ഉള്ളില്‍ വല്ലാതെ വേരു പടര്‍ത്തുന്നു. നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കാണിച്ചു തരുന്ന കണ്ണാടി പോലെ സംസാരിച്ച് , ഒരു ജന്മാന്തര ബന്ധത്തിന്റെ ഉള്ളുലച്ചില്‍ പകര്‍ന്ന് , പോവരുതേ എന്ന് നിങ്ങളാഗ്രഹിക്കുന്ന നേരത്ത് ,പൊടുന്നന്നെ അവ/യാള്‍ അപ്രത്യക്ഷയാവുന്നു .

പരിമിതമായ വായനയില്‍ ഇങ്ങനെ തോന്നിയവരാണ് അഷിതയുടെ കഥാപാത്രങ്ങള്‍ . പറഞ്ഞതിലേറെ പറയാന്‍ ബാക്കി വച്ച് അവരങ്ങു പോവും . തീവ്രമായ വായനാനുഭവത്തില്‍ നാമേകാന്തത്തടവുകാരാവും .

ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലായ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്ന ഒരു കൂട്ടുകാരിയുണ്ട് ഒരു കഥയില്‍ . ചുരുങ്ങിയ ഭാഷണങ്ങളില്‍ താനാണ് ആത്മാഹുതി ചെയ്യേണ്ടിയിരുന്നതെന്നും തനിക്കു വേണ്ടിയാണിവള്‍ അങ്ങനെ ചെയ്തതെന്നുമുള്ള ബോദ്ധ്യത്തിന്റെ കയത്തിലേക്കവള്‍ വലിച്ചെറിയപ്പെടുന്നു. ആ ഭാരത്തോടെയവള്‍ ആശുപത്രി വിടുന്നു.

നമ്മുടെ കാപട്യങ്ങള്‍ക്കും കാമനകള്‍ക്കും വേണ്ടി പീഡയേറ്റു വാങ്ങുന്ന കഥാപാത്രങ്ങളെ കാണുമ്പോള്‍ ഇതേ ഭാരം നമ്മളുമേറ്റു വാങ്ങുന്നുവെന്ന് തോന്നിയിട്ടുണ്ട്.

” സ്‌നേഹം അങ്കുരിക്കുമ്പോഴേ തൃപ്തമാണ്. അതിനൊന്നും തന്നെ ആവശ്യമില്ല. സ്‌നേഹിക്കപ്പെടണമെന്നുപോലുമില്ല. ഒരു നക്ഷത്രം മതി അതിനു രാവു കഴിച്ചുകൂട്ടാന്‍. കണ്ണടച്ചുള്ള ഒരു ചിരിയുടെ ഓര്‍മ മതി, അതിന് ഒരു ജന്‍മം കഴിച്ചുകൂട്ടാന്‍.”
ഏറ്റുവാങ്ങാന്‍ ആരെങ്കിലുമുണ്ടോ എന്നു പോലും ആകുലപ്പെടാതെ പ്രണയത്തിന്റെ തടവറയില്‍ കഴിയുന്നവരുടെ മാനിഫെസ്റ്റോ ആവുന്നുണ്ടീ വാചകം .

” ഇല്ല സിസ്റ്റര്‍ ലൊറേറ്റയെപ്പോലുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലാവുകയില്ല ” എന്ന് കുട്ടികളുടെ മനസ്സിനെ മുന്‍നിര്‍ത്തി അഷിത കല്ലുവച്ച നുണകളില്‍ എഴുതുന്നുണ്ട് . പ്ലസ് ടുവിന് പഠിപ്പിക്കുമ്പോള്‍ , ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട് , അധമമായ ഒരു ധ്വനിയില്‍ വ്യാഖ്യാനിക്കപ്പെട്ട ഒരു സന്ദര്‍ഭമാണിത് . വിവാഹിതരവും ഗര്‍ഭം ധരിക്കാത്തവരും മക്കളെ പെറ്റു പോറ്റാത്തവരുമായ കന്യാസ്ത്രീകള്‍ക്ക് കുട്ടികളുടെ മനസ്സ് മനസ്സിലാവില്ല എന്ന് അലസമായി വായിച്ച കുട്ടികള്‍ മാത്രമല്ല , അദ്ധ്യാപകര്‍ പോലുമുണ്ട് . അഷിതയെന്ന എഴുത്തുകാരിയെ , നിത്യചൈതന്യ യതി യിലും ശ്രീരാമ കൃഷ്ണ പരമഹംസരിലും ജലാലുദ്ദീന്‍ റൂമിയിലും ഒക്കെയായി പടര്‍ന്നു വികസിക്കുന്ന അവരുടെ ആത്മീയനിറവിനെ ( മതം ഒരു ഊന്നുവടി മാത്രമാണെന്ന് അവര്‍ മാധവിക്കുട്ടിക്ക് എഴുതിയിട്ടുണ്ടല്ലോ ) തിരിച്ചറിയാത്തതുകൊണ്ട് നടത്തുന്ന ദുര്‍വ്യാഖ്യാനമാണത്. ക്ലാസില്‍ ഈ വിഷയം വേറെത്തന്നെ ചര്‍ച്ച ചെയ്യാറുണ്ട് . ലൊറേറ്റ കന്യാസ്ത്രീയായതുകൊണ്ടല്ല , നഗരപ്പൊങ്ങച്ചങ്ങളുടെ യാന്ത്രിക വിദ്യാഭ്യാസത്തിന്റെ കാവല്‍ക്കാരിയായതു കൊണ്ടാണ് അവര്‍ക്ക് കുഞ്ഞുങ്ങളുടെ മനസ്സു കാണാനാവാത്തത് .

ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ അഷിതയുമായുള്ള അഭിമുഖം പോലെ ഉള്ളു പൊള്ളിച്ച ഒരു വായനാനുഭവം അതേ സമയത്ത് തന്നെ വന്ന എച്ചുമുക്കുട്ടിയുടെ ജീവിതമെഴുത്താണ് . കാലം കാത്തു വച്ചതു പോലെ . ശിഹാബുദ്ധീന് നന്ദി . ഏതെങ്കിലും തിരക്കുകള്‍ കൊണ്ട് ആ ഭാഷണം നീട്ടി വയ്‌ക്കേണ്ടി വന്നിരുന്നെങ്കില്‍ , ഓര്‍മ്മകളുടെ എത്ര വലിയ കനല്‍ക്കൂനയുമായാണ് അവരിന്ന് കണ്ണടച്ചിട്ടുണ്ടാവുക. അങ്ങേയറ്റം ആത്മാനുഭവങ്ങളായിരിക്കുമ്പോഴും അതൊരു കാലത്തെ പെണ്‍കുട്ടികളുടെ ജീവചരിത്രം കൂടിയാണ് . അതിന്റെ സാമൂഹ്യ രാഷ്ട്രീയ രേഖയും .

അതിനൊരാമുഖമെന്ന പോലെ അഷിതയെഴുതിയ ഒരു വിഷുസ്മരണയുണ്ട് . അന്നതു വായിക്കുമ്പോള്‍ ഇത്ര തീവ്രമായ പീഡകളുടെയും ഏകാന്തതയുടെയും അടയാളങ്ങള്‍ അതില്‍ കണ്ടെടുക്കാനായിരുന്നില്ല . ഇന്ന് തിരിച്ചു വായിക്കുമ്പോള്‍ നമുക്കത് ലഭിക്കും . മുത്തശ്ശിയും പതിനേഴു വയസ്സുള്ള അഷിതയും മാത്രം തനിച്ചൊരു തറവാട്ടില്‍ ആഘോഷിച്ച വിഷു. ”തങ്ങളേക്കാള്‍ ഏകാന്തതയില്‍ തങ്ങളുടെ നിഴലുകള്‍ മാത്രം. ” എന്നവരെഴുതുന്നു .

”കിട്ടേണ്ടതെല്ലാം കിട്ടേണ്ട സമയത്തുതന്നെ കിട്ടുന്നതാണ് അതിന് ചാരുത നല്‍കുന്നത്, മുപ്പതുകളില്‍ കിട്ടിയ കൈനീട്ടത്തിന് ബാല്യത്തിലെ നാണയത്തുട്ടുകള്‍തന്ന സന്തോഷം വാങ്ങിത്തരാന്‍പോലും ആവുന്നില്ലല്ലോ! ” എന്നൊരു വ്യര്‍ത്ഥതാ ബോധം കുറിച്ചു വയ്ക്കുന്നുണ്ടതില്‍ .

ആ ഓര്‍മ്മയുടെ ആമുഖത്തില്‍ ‘ഇന്റെണല്‍ ഡയസ് പോറ ‘ എന്നൊരു പ്രയോഗം നടത്തുന്നുണ്ട് . അതെ , ആന്തരികവും ആത്മാവില്‍ നടക്കുന്നതുമായ ഒരു അഭയാര്‍ത്ഥിത്വത്തിനാണ് ഇന്ന് ഒടുക്കമായിരിക്കുന്നത് .

വി.കെ. ജോബിഷ്

മരണത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും പ്രിയപ്പെട്ട എന്റെ എഴുത്തുകാരി അഷിത ഇങ്ങനെ പറഞ്ഞിരുന്നു.

ഒന്ന്.

’56 വയസ്സ് വരെ ഏറ്റവും ആരോഗ്യമുള്ള സ്ത്രീകളില്‍ ഒരാളായിരുന്നു ഞാന്‍. വെളുപ്പിന് നാല് മണിക്ക് പക്ഷികളോടൊത്ത് ഉണരല്‍, ധ്യാനം, അഞ്ചു മണിക്ക് ടെറസില്‍ ദൈവത്തിന്റെ നിശ്ശബ്ദതയിലൂടെ ഒരു നടത്തം, ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രി മന്ത്ര ജപം, കേള്‍ക്കാന്‍ ഒന്നോ രണ്ടോ കീര്‍ത്തനങ്ങള്‍, ലഘുവായ ഭക്ഷണം, എഴുത്ത്, വായന, സംഗീതം എന്നിവയൊക്കെ ഉള്‍ക്കൊണ്ട ലളിതമായ ദിനചര്യ. ഇതിലേക്കാണ് ഒരു ഉരുള്‍പൊട്ടല്‍ പോലെ കാന്‍സര്‍ വന്നു പതിച്ചത്. നല്ല ആരോഗ്യമുള്ളവര്‍ക്കും കാന്‍സര്‍ വരുന്നുണ്ട്. എന്തൊക്കെ ശ്രമിച്ചാലും, എങ്ങിനെ ഒക്കെ ശ്രമിച്ചാലും, അവരില്‍ പലരും മരിച്ചു പോകുന്നുമുണ്ട്. എന്ത് കൊണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ജൂനിയര്‍ ഓണ്‍കോളജിസ്റ്റ് എന്നോട് ചോദിച്ചു,’ അമ്മ How do you remain so peaceful?’.
ഞാന്‍ പറഞ്ഞു: ‘വി ഓള്‍ ഡൈ. ഇഫ് നോട്ട് വിത്ത് കാന്‍സര്‍, വിത്ത് സംതിങ് എല്‍സ്’ .
അതെ, മനുഷ്യര്‍ മരിക്കും. അതാണ് പരമമായ സത്യം. അത് സ്വീകരിച്ചാല്‍ പിന്നെ മനഃക്ലേശമില്ല’

രണ്ട്.

‘കഥയെ സംബന്ധിച്ച് തീരാത്ത ഒരു മോഹം ഉള്ളിലുണ്ട്. സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാവുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നത് പോലെ, എഴുതിയെഴുതി ഞാന്‍ ഇല്ലാതാവുകയും കഥ അവശേഷിക്കുകയും ചെയ്യണം’.
………………………………………….. ആദരവ്.വിട…

സതീഷ് തോട്ടത്തില്‍

അഷിത ഇനി എഴുതില്ല.
പ്രിയ എഴുത്തുകാരിക്ക്ആദരവോടെ വിട….

മാതൃഭൂമി കയ്യില്‍കിട്ടിയാല്‍
നാല് ലക്കങ്ങളായി തുടരുന്ന
അഷിതയുമായുള്ള അഭിമുഖം വായിച്ചേ
മറ്റൊന്നിലേക്ക് കടക്കാറുള്ളു.
എഴുത്തും ജീവിതവും
ഓര്‍മ്മകളായതില്‍ ജ്വലിച്ചു നില്‍ക്കുകയാണ്.
എഴുത്തുകാരിയുടെ ഉള്ളുതുറക്കല്‍ കൂടിയാണിത്.
ചെറിയചെറിയ ചോദ്യങ്ങളിലൂടെ
അനുഭവങ്ങളുടെ ആഴങ്ങള്‍ അറിയാനാവുന്നു.
യൗവനകാലത്തെ പതിനേഴാം വയസ്സിലെ
പരാജയപ്പെട്ട രണ്ട് ആത്മഹത്യാശ്രമങ്ങള്‍
ഓര്‍മ്മിച്ചെടുക്കുന്നുണ്ടിതില്‍.

അനിയത്തിയുടെ കല്യാണലോചന കഴിഞ്ഞശേഷം
ഇവര്‍ക്കും വന്നുകൊണ്ടിരുന്നൂ കല്യാണാലോചനകള്‍ മിക്ക ആലോചനകളും കൊള്ളില്ല എന്നും പറഞ്ഞ്
അച്ഛന്‍ തിരിച്ചയച്ചുകളയും. ‘കല്യാണം ഫിക്‌സ് ആയി
എന്നെന്നെകൊണ്ട് എഴുതിപ്പിച്ച് വരുന്നവര്‍ക്ക് അയച്ചുകൊടുക്കും ”
ഒരിക്കല്‍ അഷിതയുടെ കഥകളൊക്കെ വായിച്ച ഒരു ബാങ്ക് ഓഫീസര്‍ ഇവര്‍ക്ക് നേരിട്ടൊരു കത്തെഴുതി.
‘ഞാന്‍ വിളിച്ചാല്‍ കൂടെ ഇറങ്ങി വരുമോ ?
ആ കത്തും അച്ഛനെ കാണിച്ചു. അതിനും അച്ഛന്റെ മറുപടി പഴയതുതന്നെ.
”കല്യാണം ഫിക്‌സ് ചെയ്തൂ എന്നെഴുതി മറുപടി അയക്കൂ ”
”അച്ഛാ., നല്ലൊരു പ്രൊപ്പോസലല്ലേ ഇത് ? അച്ഛനതിനും മറുപടിയുണ്ട്
”അയാള്‍ ഭയങ്കര കുടിയനാണ്, ചെരിപ്പിടില്ല
നാല് കാലിലാണ് ബാങ്കില്‍ ചെല്ലുന്നത്. കീറിയ ഷര്‍ട്ട് ഒക്ക ഇട്ട്
മുടിയൊക്കെ വളര്‍ത്തിയ ഒരു മനുഷന്‍ ”
”അച്ഛനിത് എങ്ങിനെയറിഞ്ഞു ?”
”ചെറിയച്ഛനെ കൊണ്ട് വയനാട്ടില്‍ പോയി അന്വേഷിച്ചപ്പോള്‍
കിട്ടിയതാണ് ”
അച്ഛന്‍മരിച്ച് കുറേ കാലത്തിനുശേഷം ഞാന്‍ ചെറിയച്ഛനോട് കാര്യം പറഞ്ഞു.
ചെറിയച്ഛന്‍ പറഞ്ഞു ”ഞാന്‍ ഇതുവരേയും വയനാട്ടില്‍ പോയിട്ടില്ല ‘

അയാളെ പേര് ഓര്‍ക്കുന്നുണ്ടോയെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കുസൃതിചോദ്യം
ശ്രീകണ്ഠന്‍ എന്ന് പെട്ടെന്നുത്തരവും. ഇപ്പഴും പേര് മറന്നില്ലല്ലേ എന്ന ചോദ്യംവീണ്ടും.
”ഞാന്‍ വന്നുവിളിച്ചാല്‍ വരുമോ എന്ന് ചോദിച്ചഒരേ ഒരാള്‍
അതും എന്റെ കഥ വായിച്ചിട്ടും എങ്ങനെ മറക്കും ഞാന്‍ ശരിക്കും അന്തംവിട്ടുപോയി ”

കനലെരിയുന്ന മനസ്സുമായി ജീവിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തകാരിക്ക് മലബാറിന്യൂസിന്റെ പ്രണാമം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!