തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എത്ര രൂപ വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കോട്ടയത്ത് നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ചയാണ് ഇന്ന് നടന്നത്. ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥികള്‍ക്കടക്കം ആശങ്കയുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍. വീണ്ടും സമരപ്രഖ്യാപനവുമായി ബസുടമകള്‍ നീങ്ങിയാല്‍ കൂടുതല്‍ പ്രതിസന്ധി ആയേക്കുമെന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജു തീരുമാനിച്ചത്.



