വിയറ്റ്‌നാമില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് അപകടം; 34 പേര്‍ മരിച്ചു

ഹാനോയ്: വിയറ്റ്‌നാമില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേര്‍ മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വിയറ്റ്‌നാമിന്റെ വടക്കന്‍ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. തലസ്ഥാനമായ ഹനോയിയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്‌നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ കുറഞ്ഞത് എട്ട് പേര്‍ കുട്ടികളാണെന്നാണ് വിഎന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ കാണാതായവര്‍ക്കുള്ള തിരിച്ചലിന് കനത്ത മഴ തടസ്സം സൃഷ്ടിക്കുന്നതായാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍പ്പെട്ട 11 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

53 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടര്‍ സീസ് എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് മുങ്ങിയതായാണ് വിയറ്റ്‌നാമീസ് ബോര്‍ഡര്‍ ഗാര്‍ഡുകളുടെയും നാവികസേനയുടെയും പ്രസ്താവനയില്‍ പറയുന്നത്. വലിപ്പമുള്ള ആലിപ്പഴ വര്‍ഷവും ശക്തമായ മഴയും ഇടിയും മിന്നലും അപകട സമയത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.

വിയറ്റ്‌നാമീസ് പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. അപകടകാരണം അധികൃതര്‍ അന്വേഷിക്കുകയും നിയമ ലംഘനങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാങ് നിന്‍ പ്രവിശ്യയിലെ ഹാ ലോങ് ബേ നൂറുകണക്കിന് ചെറിയ ദ്വീപുകളാല്‍ നിറഞ്ഞിരിക്കുന്ന പ്രദേശമാണ്. 2019 ല്‍ 4 ദശലക്ഷം വിനോദസഞ്ചാരികള്‍ ഇവിടെ സഞ്ചരിച്ചിരുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പെട്ട സ്ഥലം കൂടിയാണ് അപകടം നടന്ന ഹാ ലോങ് ബേ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top