തിരുവനന്തപുരം: ടൂറിസം പഠനത്തിലെ ആഗോള ട്രെന്‍ഡുകളെക്കുറിച്ച് തിരുവനന്തപുരം കിറ്റ്‌സില്‍ 28, 29 തിയതികളില്‍ അന്താരാഷ്ട്ര സമ്മേളനം നടക്കും. 28ന് രാവിലെ 9.30ന് കിറ്റ്സ് ആംഫി തിയേറ്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വി. എസ്. ശിവകുമാര്‍ എം. എല്‍. എ, ന്യൂആന്റ് റിന്യുവബിള്‍ എനര്‍ജി വകുപ്പ് കേന്ദ്ര സെക്രട്ടറി ആനന്ദ് കുമാര്‍, യു. എന്‍. ഡബ്ള്യു. ടി. ഒ ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ ഹേ ഗുക് വാങ്, കെ. ടി. ഡി. സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
ടൂറിസം മേഖലയിലെ വിദഗ്ധര്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. കേരള ടൂറിസത്തിന്റെ 30 വര്‍ഷങ്ങള്‍, ടൂറിസവും സാങ്കേതികതയും, പൈതൃക ടൂറിസം, സാഹസിക ടൂറിസം, ഗാസ്ട്രോണമി ടൂറിസം, ക്രൂയിസ് ടൂറിസം, ലക്ഷ്വറി ആന്റ് വെല്‍നസ് ടൂറിസം തുടങ്ങിയ വിഷയങ്ങളിലാണ് വിവിധ സെഷനുകള്‍ നടക്കുക. പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ മേധാവികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 29ന് വൈകിട്ട് 5.15ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. ഡയറക്ടര്‍ പി.ബാലകിരണ്‍, കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത്, പ്രിന്‍സിപ്പല്‍ ഡോ.ബി. രാജേന്ദ്രന്‍, ടൂറിസം മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



