
സംസ്ഥാനത്ത് ഒരു ആശ്വാസ ദിനം കൂടി. ഞായറാഴ്ച ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലുമാണ്. 63 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആണ്.
സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.



