മലപ്പുറം ജില്ലയില്‍ 67 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍; ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരും

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുകയാണ്. നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു. പുതിയ രോഗബാധിതരും പ്രത്യേക നിരീക്ഷണത്തില്‍ വരുന്നവരും കുറയുന്നത് അശ്വാസകരമാണ്. എന്നാല്‍ ഇത് മുന്‍നിര്‍ത്തി ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം പാടില്ല. ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

67 പേര്‍ കൂടി പ്രത്യേക നിരീക്ഷണത്തില്‍

ഇന്ന് മുതല്‍ 67 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,591 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 28 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 1,508 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 55 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം

കോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ രണ്ട് പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 19 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

83 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ല

ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 83 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 2,084 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 54 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• ദ്രുത കര്‍മ്മ സംഘങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്ന വീടുകള്‍ – 1,420
• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 91
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് – 51
• കൗണ്‍സലിങ് നല്‍കിയത് – മൂന്ന്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ – 124
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവിരങ്ങള്‍ ശേഖരിച്ചുവരുന്നു.

Share news
error: Content is protected !!
Scroll to Top