സ്വരാജ് പുരസ്‌ക്കാരം;തിരൂരങ്ങാടി നഗരസഭ ഭരണസമിതിക്കെതിരെ പൊട്ടിത്തെറിച്ച് മുന്‍ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ

തിരൂരങ്ങാടി:മികച്ച നഗരസഭക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വരാജ് പുരസ്‌കാരം സ്വന്തം ഭരണമികവായി അവതരിപ്പിക്കുന്ന തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഭരണ സമിതിക്കെതിരെയാണ് മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദയാണ് രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ഭരണ സമിതിയുടെ ഭരണ മികവിന് ലഭിച്ച പുരസ്‌കാരം ഇപ്പോഴത്തെ ഭരണ സമിതിക്ക് ലഭിച്ചു എന്ന രൂപത്തില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് റഹീദ വിമര്‍ശിക്കുന്നത്. തന്റെ കാലത്തെ ഭരണ മികവിന് ലഭിച്ച അവാര്‍ഡ് വിവരം ഒന്ന് വിളിച്ചറിയിക്കാനുള്ള മാന്യത പോലും കാണിക്കാത്തവരാണ് തിരുവനന്തപുരത്ത് പോയി അവാര്‍ഡ് ഏറ്റു വാങ്ങുന്നത് എന്നത് വില കുറഞ്ഞതായി പോയി എന്നും അവര്‍ പറഞ്ഞു. തന്റെ കാലത്തെ ഭരണ സമിതി അംഗങ്ങളുടെയും പ്രതിപക്ഷ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മികച്ച പ്രവര്‍ത്തനത്തിന് ലഭിച്ചതാണ് ഇപ്പോള്‍ ലഭിച്ച അവാര്‍ഡ്. അവാര്‍ഡ് ലഭിച്ച വിവരത്തിന് നിലവിലെ ഭരണ സമിതിയിലെ ഒരാളും തന്നെ വിളിച്ചറിയിച്ചിട്ടില്ല എന്നതില്‍ പ്രതിഷേധം അറിയിക്കുന്നു.തിരുവനന്തപുരത്തേക്ക് അവാര്‍ഡ് ഏറ്റു വാങ്ങാന്‍ പോയപ്പോള്‍ തന്നെ വിളിച്ചില്ലെങ്കിലും മുന്‍ വൈസ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ കുട്ടിയെയെങ്കിലും വിളിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണമായിരുന്നു. ഞാനീ പറയുന്നതില്‍ തനിക്കെതിരെ ആരെങ്കിലും വന്നാല്‍ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല തിരൂരങ്ങാടി മുനിസിപ്പാലിറ്റി. കഴിഞ്ഞ തവണത്തെ ഭരണ പ്രതിപക്ഷ മെമ്പര്‍മാരുടെ മികവ് കൊണ്ടാണ് അവാര്‍ഡ് ലഭിച്ചത് എന്നും ആരുടെയും സ്വന്തം തറവാട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം കൊണ്ടല്ല അവാര്‍ഡ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പറയാനുള്ളത് പറയാതെ മാറി നില്‍ക്കുന്ന സ്വഭാവം തനിക്കില്ലെന്നും സ്ഥാനമാനങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മൗനം പാലിക്കേണ്ടി വരും. ഞാന്‍ അത്തരക്കാരിയല്ല എന്നും മുന്‍ ചെയര്‍ പേര്‍സണ്‍ കെ ടി റഹീദ പറഞ്ഞു.

മുന്‍ നഗര സഭ ചെയര്‍ പേര്‍സണ്‍ കെ ടി റഹീദയുടെ തുറന്നു പറച്ചില്‍ ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കയാണ്. 2015- 2020 വര്‍ഷത്തെ തിരൂരങ്ങാടി നഗരസഭ മെമ്പര്‍മാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് കെ ടി റഹീദ പ്രതിഷേധ വോയ്‌സ് ഇട്ടത്.

Share news
error: Content is protected !!
Scroll to Top