തിരൂരില്‍ നിരീക്ഷണത്തില്‍ കഴിയവെ മരണപ്പെട്ടയാള്‍ക്ക് കൊവിഡ്; സമയത്ത് ആംബുലന്‍സ് ലഭ്യമാക്കിയില്ലെന്ന് ആക്ഷേപം

തിരൂര്‍: തിരൂരില്‍ ബംഗ്‌ളുരൂവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ മരണപ്പെട്ടയാള്‍ക്ക് കൊവിഡ്. ഇന്നലെ വൈകീട്ട് മരണപ്പെട്ട പുറത്തൂര്‍ കളൂര്‍ മണലിപറമ്പില്‍ അബ്ദുല്‍ഖാദറി (70)നാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹത്തില്‍ നിന്നെടുത്ത സ്രവമാണ് പരിശോധിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലാണ്. ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടക്കും.
കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്ന് എത്തിയയാളാണ് അബ്ദുല്‍ഖാദര്‍. മകനും മരുമകളും മകന്റെ മകനും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം നാലു പേരും ഹോം ക്വാറന്റയിനിലായിരുന്നു. തിങ്കളാഴ്ച അബ്ദുല്‍ഖാദറിന് പനി അനുഭവപ്പെട്ടു. തുടര്‍ന്ന് പുറത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നെത്തിച്ചു. ചൊവ്വാഴ്ച പനി കൂടിയതോടെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. ഉച്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായി. അപ്പോള്‍ മുതല്‍ വീട്ടുകാര്‍ പഞ്ചായത്തുമായും ആരോഗ്യവകുപ്പ് അധികൃതരുമായും ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് ലഭ്യമാക്കാനോ അബ്ദുല്‍ഖാദറിനെ ആശുപത്രിയിലേക്ക് മാറ്റാനോ നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

പൊതുപ്രവര്‍ത്തകരും, കുടുംബവും ആരോഗ്യ വകുപ്പുമായും, പ്രദേശിക ഭരണകുടവുമായും എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തിയിരുന്നു.

ഒടുവില്‍ വൈകീട്ട് നാല് മണിയോടെ ആംബുലന്‍സ് എത്തുമ്പോഴേക്ക് അബ്ദുല്‍ഖാദര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സുബൈര്‍, ഫൈസല്‍, മുജീബ്, ഹൈറുന്നീസ, റഷീദ. മരുമക്കള്‍: സാബിറ, സിനൂജ, ജമീല, അന്‍വര്‍, റസാക്ക്.

Share news
error: Content is protected !!
Scroll to Top