HIGHLIGHTS : Tiger attack in Wayanad; A pet dog was bitten to death

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബത്തേരി ബീനാച്ചി പ്രദേശങ്ങളില്‍ കടുവാ ആക്രമണം പതിവാണ്. ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാണ് കടുവകള്‍ പുറത്തേക്ക് എത്തുന്നത്. ഇവിടെ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കടുവകളെ തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇത് നടക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. നേരത്തെ ഒരു പശുവിനെയും കടുവ ആക്രമിച്ചിരുന്നു.
അതേസമയം, കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടും രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങള്‍. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുന്‍പാണ് മേപ്പാടി അരുണമലകോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയില്‍ ചുള്ളികൊമ്പന്റെ ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്കേറ്റു. പുലര്‍ച്ചെ വീട്ടിനുള്ളിലേക്ക് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം. നിരവധി വീടുകളും വാഹനങ്ങളും കാട്ടാന തകര്‍ത്തു. ജനവാസ കേന്ദ്രങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും നിത്യവും കാട്ടാനകള്‍ വിഹരിക്കുമ്പോള്‍ ജനങ്ങള്‍ ഭീതിയിലാണ്. രാത്രി വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍. കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ വനംവകുപ്പിന് സാധിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ മുന്‍പ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത മേഖലകളില്‍ പോലും ശല്യം കൂടുന്നുവെന്നാണ് പരാതി.

ജനവാസകേന്ദ്രങ്ങളിലെത്തുന്ന ഇവ കണ്ണില്‍ക്കണ്ട കാര്‍ഷികവിളകളെല്ലാം നശിപ്പിക്കുന്നു. ആനകള്‍ റോഡുകള്‍ മുറിച്ചുകടക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. യാത്രികര്‍ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ട് കാട്ടിലേക്ക് ആനകളെ തുരത്തുന്നുണ്ടെങ്കിലും പുലര്‍ച്ചെയോടെ തിരികെയെത്തും. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളിലേക്കാണ് കൂടുതല്‍ കാട്ടാനക്കൂട്ടം എത്തുന്നത്. വാച്ചര്‍മാരുടെ കുറവും പ്രതിരോധമാര്‍ഗങ്ങളായ ഫെന്‍സിങ്ങ്, കിടങ്ങുകള്‍ എന്നിവ തകര്‍ന്നതുമാണ് കാട്ടാനകള്‍ക്ക് യഥേഷ്ടം ഗ്രാമങ്ങളിലേക്കെത്താന്‍ സൗകര്യമൊരുക്കുന്നത്.