തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കും :മന്ത്രി ആര്‍ ബിന്ദു

തിരൂര്‍:ഭാഷാവൈവിധ്യം, ഗവേഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ‘കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്’ എന്ന പേരില്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സര്‍വകലാശാലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തില്‍ എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന ഏഴു മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്നാണിത്. കേരളത്തിലെ പ്രാദേശിക ഭാഷകളുടെയും മറ്റ് ഇന്ത്യന്‍ ആഗോള ഭാഷകളുടെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനും കേരളത്തെ ഭാഷാ മികവിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാനുമാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരള ലാംഗ്വേജ് നെറ്റ് വര്‍ക്കിന് കീഴില്‍ വിദേശ ഭാഷാ പഠനത്തിന്റെയും പരിഭാഷയുടെയും ഉപകേന്ദ്രം, തദ്ദേശ ഭാഷകളുടെ പഠനകേന്ദ്രം എന്നിവയും സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ജര്‍മ്മന്‍ എ വണ്‍ കോഴ്‌സ് എന്നിവയാണ് ആരംഭിക്കുന്നത്. ഇവയുടെ സിലബസ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവയുടെ ക്ലാസുകള്‍ മലയാളം സര്‍വ്വകലാശാലയിലും പൊന്നാനി ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ലാംഗ്വേജ് ആന്‍ഡ് ട്രാന്‍സലേഷന്‍ ഉപ കേന്ദ്രത്തിലും ആരംഭിക്കും.

ഈ കോഴ്‌സിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 26 വരെ സ്വീകരിക്കും. അപേക്ഷ ഗൂഗിള്‍ ഫോം രൂപത്തില്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. അപേക്ഷാ ഫീസ് 500 രൂപ. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. ഒരു ബാച്ചില്‍ പരമാവധി 30 വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. മാത്രമല്ല, സൗകര്യപ്രദമായ ബാച്ചുകള്‍ തിരഞ്ഞെടുക്കാനും കഴിയും.
യോഗ്യത: പ്ലസ് ടു. കോഴ്‌സ് ഫീസ് – അറബിക്: 5000, ജര്‍മ്മന്‍: 10000. വിശദവിവരങ്ങള്‍ malayalamuniversity. edu. in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍ സുഷമയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top