തൃശൂരിന്റെ വിജയം അനായാസമാക്കിയത് ക്യാപ്റ്റന്‍ വരുണ്‍ നയനാരിന്റെ ബാറ്റിങ്

മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്റെ ബാറ്റിങ് മികവ്. 64 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വരുണ്‍ നയനാരുടെ പ്രകടനം. ലീഗില്‍ വരുണിന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. വരുണ്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ടൈറ്റന്‍സ് കരുത്തരായ കൊച്ചിയെ 16 ഓവറില്‍ 130 റണ്‍സിന് ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ വരുണിന്റെ ഇന്നിങ്‌സാണ് തൃശൂരിന്റെ വിജയം അനായാസമാക്കിയത്. തുടക്കത്തില്‍ തന്നെ ആനന്ദ് സാഗറിന്റെയും അഭിഷേക് പ്രതാപിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പകരമെത്തിയ വിഷ്ണു വിനോദ് വരുണിന് മികച്ച പിന്തുണയായി. വിഷ്ണു വിനോദ് 33 പന്തില്‍ 46 റണ്‍സെടുത്തു.

കഴിഞ്ഞ മല്‌സരങ്ങളില്‍ മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ പോയ വരുണ്‍ കൊച്ചിക്കെതിരെ മികച്ച ഫോമിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ ബേസില്‍ തമ്പിയെ ബൌണ്ടറി കടത്തിയാണ് വരുണ്‍ തുടങ്ങിയത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച വരുണ്‍ പേസ് – സ്പിന്‍ വ്യത്യാസമില്ലാതെ ബൌളര്‍മാരെ അനായാസം നേരിട്ടു. അജയ്‌ഘോഷ് എറിഞ്ഞ 12ആം ഓവറില്‍ രണ്ട് സിക്‌സ് നേടിയ വരുണ്‍ തൊട്ടടുത്ത ഓവറില്‍ ബേസില്‍ തമ്പിയെയും സിക്‌സര്‍ പറത്തി അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. വിജയത്തിനരികെ വിഷ്ണു വിനോദ് പുറത്തായെങ്കിലും അക്ഷയ് മനോഹര്‍ക്കൊപ്പം ചേര്‍ന്ന് വരുണ്‍ തൃശൂരിനെ വിജയത്തിലെത്തിച്ചു. ആറ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്‌സ്.

സാക്ഷാല്‍ ഇ കെ നായനാരുടെ കുടുംബത്തിലാണ് വരുണിന്റെ ജനനം. ദുബായില്‍ കളിച്ചു വളര്‍ന്ന വരുണിന്റെ കരിയറില്‍ നിര്‍ണ്ണായകമായത് കേരളത്തിന്റെ രഞ്ജി ക്യാപ്റ്റന്‍ കൂടിയായിരുന്ന സോണി ചെറുവത്തൂരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്. ജൂനിയര്‍ ക്രിക്കറ്റില്‍ വിസ്മയ താരമായിട്ടായിരുന്നു ഏതാനും വര്‍ഷം മുന്‍പ് വരുണ്‍ വരവറിയിച്ചത്. 16ആം വയസ്സില്‍ കേരള അണ്ടര്‍ 19 ടീമിനു വേണ്ടി അരങ്ങേറ്റ മല്‌സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറി നേടിയ താരം. 370 പന്തില്‍ 25 ബൗണ്ടറികളുമായി 209 റണ്‍സായിരുന്നു അന്ന് വരുണ്‍ നേടിയത്. കേരളത്തിന് വേണ്ടി ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമായിരുന്നു അന്ന് വരുണ്‍ സ്വന്തമാക്കിയത്. ആ മികവ് വരുണിന് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കും വഴി തുറന്നു. താമസിയാതെ കേരള രഞ്ജി ടീമിലേക്കും. 7.2 ലക്ഷം രൂപയ്ക്കാണ് തൃശൂര്‍ ടൈറ്റന്‍സ് വരുണ്‍ നയനാരെ സ്വന്തമാക്കിയത്.

 

Share news
error: Content is protected !!
Scroll to Top