കൊവിഡ് നിയന്ത്രണം പിന്‍വലിച്ച ശേഷമുള്ള തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറി. ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകള്‍ നടക്കും. പൂരത്തിന്റെ ഭാഗമായി ഉളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകള്‍ എല്ലാം ക്ഷേത്രത്തില്‍ പൂര്‍ത്തിയായി. മെയ് 10നാണ് തൃശൂര്‍ പൂരം. എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്.
രാവിലെ ഒമ്പതേ മുക്കാലോടെ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്. പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി പൂജിച്ച കൊടിക്കൂറ പാണി അകമ്പടിയില്‍ കൊടിമരത്തിലുയര്‍ത്തി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി. പിന്നാലെ തിരുവമ്പാടിയിലും പൂരം കൊടിയേറി. ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തി. കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് പെരുവനത്തിന്റെ നേതൃത്വത്തില്‍ പാണ്ടി കൊട്ടി കൊക്കര്‍ണ്ണിയില്‍ ആറാടി തിരികെയെത്തി. ബ്രഹ്‌മസ്വം മഠത്തിലായിരുന്നു തിരുവമ്പാടി ഭവതിയുടെ ആറാട്ട്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം ഉണ്ടാകും.
വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. വൈകിട്ട് 3.30ന് നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളില്‍ പൂരപ്പതാകകള്‍ ഉയര്‍ത്തും. മുന്‍ വര്‍ഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്താന്‍ അനുമതിയും ലഭിച്ചിട്ടുണ്ട്.




