തൃക്കുളം കൃഷ്ണന്‍കുട്ടിക്ക് ‘വയോ സേവന’ പുരസ്‌കാരം

തിരൂരങ്ങാടി:രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്തെ നിറസാന്നിധ്യമായ തൃക്കുളം കൃഷ്ണന്‍കുട്ടിക്ക് സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്‌കാരം. പൂതംകളി കലാരംഗത്തെ അമ്പലപടിക്കല്‍ നാരായണനോടൊപ്പമാണ് കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയും അവാര്‍ഡിനര്‍ഹനായത്.

കലാ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 1972ലാണ് രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്ത് എത്തിയത്. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി പതിനയ്യായിരത്തിലേറെ വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. ബീരാന്‍ കാക്കയും രാമനും തമ്മില്‍ ഗ്രാമീണ പശ്ചാത്തലത്തിലെ ചായക്കടയില്‍വച്ചു നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളാണ് കഥാപ്രസംഗങ്ങളിലെ ഉള്ളടക്കം. രാഷ്ട്രീയ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ള അവതരണം സദസ്സിനെ കയ്യിലെടുക്കും. 1972ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അരി തടഞ്ഞപ്പോള്‍ സംസ്ഥാനത്തുനിന്നുള്ള നിവേദക സംഘം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാന്‍ പോയ സംഭവം ‘ഡല്‍ഹി ദൗത്യം’ എന്ന പേരില്‍ കഥാപ്രസംഗമാക്കിയാണ് അരങ്ങേറ്റം. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘പ്രതിക്കൂട്ടില്‍’ എന്ന കഥാപ്രസംഗവും ഹിറ്റായിരുന്നു. സിനിമകളിലും മുഖംകാണിച്ചിട്ടുണ്ട്. അനാരോഗ്യംമൂലം പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും അവസരങ്ങള്‍ ലഭിക്കുന്ന വേദികളിലെല്ലാം ഇന്നും പാട്ടുകള്‍ പാടി സമ്പന്നമാക്കും കൃഷ്ണന്‍കുട്ടി.

തിരൂരങ്ങാടിക്ക് സമീപം കരിമ്പിലാണ് താമസം. പരേതയായ മാധവിക്കുട്ടിയാണ് ഭാര്യ. മക്കള്‍: വിക്രമന്‍, വിജയന്‍, വാണിജയശ്രീ, വസന്ത, പരേതനായ വിനോദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top