യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി:യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി.ചെമ്മാട് കമ്പത്ത് റോഡ് ചെമ്പന്‍തൊടിക നൗഷാദ് (36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ താനൂര്‍ ചെറിയകത്ത് മുഹമ്മദ് അസ്ലം (20) പന്താരങ്ങാടി പാറപ്പുറം വെള്ളക്കാട്ടില്‍ സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വധശ്രമം,ഗൂഡാലോചന,മര്‍ദ്ദനം,സംഘടിത കുറ്റകൃത്യം തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിട്ടുള്ളത്. നൗഷാദിന്റെ സഹോദരനായ മുഹമ്മദലി (43) യുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലിസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ആറാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ 4.50ന് പ്രഭാത നിസ്‌കാരത്തിനായി ബൈക്കില്‍ പോകവേ, വീടിന് സമീപമുള്ള റോഡില്‍ വെച്ച് മുഹമ്മദ് അസ്ലമും,സുമേഷും മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ മുഹമ്മദലിയെ വീണ്ടും ആക്രമിച്ചു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

ആക്രമണത്തില്‍ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മുഹമ്മദലിയുടെ പിതാവിന് രണ്ടാംഭാര്യയില്‍ ജനിച്ച മകനാണ് നൗഷാദ്.
ഇവര്തമ്മില് സ്വത്ത് തര്‍ക്കം നിലവിലുണ്ട്.ഇതിന്റെ ഭാഗമായി മുഹമ്മദലിയെ അപായപ്പെടുത്താന്‍ നൗഷാദ് കൂട്ടുപ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയും അഡ്വാന്‍സ് ആയി പതിനയ്യായിരം രൂപ കൈമാറുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍നിന്നും എത്തിയ നൗഷാദ് വീട്ടില്‍ രഹസ്യമായി കഴിയുകയും മുഹമ്മദലിയെ അപായപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. തലേദിവസം പ്രദേശത്ത് സി.സി.ടി.വികളില്ലെന്ന് നിരീക്ഷിച്ച ശേഷമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലിസ് പറഞ്ഞു.കൂടാതെ മുഖംമൂടി ധരിച്ച് നമ്പര്‍ പ്‌ളേറ്റില്ലാത്ത ബൈക്കിലെത്തിയാണ് കൃത്യം നടത്തിയത്.
പൊലിസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്.

ചെമ്മാട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 22 സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനായത്.മുഹമ്മദ് അസ്ലമിനെതിരെ താനൂര്‍ പൊലിസിലും,സുമേഷിനെതിരെ തിരൂരങ്ങാടി പൊലിസിലും നേരത്തെ കേസുകളുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ജില്ലാ പൊലിസ് മേധാവി വിശ്വനാഥ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്.പി പി പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.എച്ച്.ഒ ബി പ്രദീപ് കുമാറിനൊപ്പം എസ്.ഐമാരായ പ്രമോദ്,ബിജു.എ.എസ്.ഐ മഞ്ജുഷ,സി.പി.ഒ അനീഷ്, താനൂര്‍ ഡാന്‍സാഫ് അംഗങ്ങളായ ബിജോയ്,ഷിജു,അനീഷ്,ഷാബിന്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top