Section

malabari-logo-mobile

വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം; മന്ത്രി ആന്റണി രാജു

HIGHLIGHTS : alterations to vehicles must provide a certificate; Minister Antony Raju

വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്ന്ന് അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുംവാഹന നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ് സര്‍വ്വേ പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. മനുഷ്യ നിര്‍മ്മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് പ്രശ്നങ്ങള്‍ മൂലമാണ് വാഹനങ്ങള്‍ക്ക് തീപിടിത്തമുണ്ടാകുന്നതെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതല്‍ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാന്‍ ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഫിറ്റിംഗ്സുകള്‍ ഘടിപ്പിച്ച് നിയമവിരുദ്ധമായി അള്‍ട്ടറേഷന്‍ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.

sameeksha-malabarinews

ഇത്തരം അനധികൃത ആള്‍ട്ടറേഷനുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതും അവ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി അത്തരം ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അപകടമുണ്ടാക്കുന്നതിന്റെ ഉത്തരവാദിയായിരിക്കുമെന്നുമുള്ള സാക്ഷ്യപത്രം നല്‍കാനുള്ള നടപടി കൈക്കൊള്ളും. ഇത്തരം പ്രവര്‍ത്തികളുടെ അപകട സാധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവല്‍ക്കരിക്കുവാനും ഡീലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാഹനത്തിന്റെ എഞ്ചിനെയും ടാങ്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫ്യുവല്‍ ലൈനിലെ റബ്ബര്‍ ഹോസില്‍ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോര്‍ച്ചയും അപകടത്തിന് കാരണമാകുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ അഗ്നിക്കിരയാവുന്നതിന്റെ വിവിധ വശങ്ങള്‍ പഠിച്ച് 2 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ ട്രാഫിക് പോലീസ് ഐജി, ഫോറന്‍സിക് വിഭാഗം മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ്.പി, സാങ്കേതിക വിദഗ്ധന്‍ രമേശ് കെ.ജെ, എസ്.സി.എം.എസ് കോളേജ് പ്രൊഫസര്‍ ഡോ. മനോജ് കുമാര്‍, ശ്രീചിത്ര എന്‍ജിനീയറിങ് കോളേജ് ഓട്ടോമൊബൈല്‍ വിഭാഗം പ്രൊഫസര്‍ ഡോ. കമല്‍ കൃഷ്ണ, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 18നു ചേരും. വിദഗ്ധസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!