political desk
കോഴിക്കോട് : മുസ്ലീലീഗ് ജനറല്‍ സക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി സിപിഎം നേതാവും മുന്‍മന്ത്രിയുമായ തോമസ് ഐസക്. ജനകീയാസൂത്രണത്തെ കുറിച്ചുള്ള തന്റെ ഫെയസ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക്കിന്റെ പുകഴ്ത്തല്‍.
ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ വരുത്താവുന്ന നാടകീയ മാറ്റത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി ബോധവാനായിരുന്നുവെന്നും, രാഷ്ട്രീയ അഭിപ്രായവ്യത്യാസമല്ലാം ഉണ്ടായിരുന്നെങ്കിലും ജനകീയാസൂത്രണത്തോട് പുര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഐസക് പറയുന്നു. രണ്ടാം ഘട്ട പരീശീലനവേളയില്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പരാമര്‍ശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അതു വിവാദമായി. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ താന്‍ ആദ്യം ചെയ്തത് ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിനെ ഫോണ്‍ ചെയ്യുകയായിരുന്നു. ഇനി കൈപ്പുസ്തകം അച്ചടിക്കുകയാണെങ്കില്‍ വിവാദഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ധാരണയില്‍ പ്രശ്‌നം തീര്‍ന്നു. ഒരു പത്രത്തിലും ഇത് വാര്‍ത്തയുമായില്ല.എന്നല്ലാം തോമസ് ഐസക്കിന്റെ കുറിപ്പിലുണ്ട്. കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിത ചരിത്രവും കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
കുഞ്ഞാലിക്കുട്ടിയെ കുറിച്ച് സിപിഐമ്മിന്റെ ഒരു കേന്ദ്രകമ്മറ്റിയംഗം തന്നെ ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതിയത് വരാനിരിക്കുന്ന ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായേക്കാവുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ മുന്നോടിയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയനിരീക്ഷകര്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം കെടി ജലീലും കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഏആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് കെടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. സിപിഎം അറിവോടെയായിരുന്നു കൂടിക്കാഴ്ച. കുഞ്ഞാലിക്കുട്ടി പരാതിയുമായി ആദ്യം സമീപിച്ചത് സിപിഎമ്മിനെയായിരുന്നുവെന്നും, ഏആര്‍ നഗര്‍ സഹകരണബാങ്ക് കള്ളപ്പണവിഷയത്തില്‍ പാര്‍ട്ടിക്ക് പരാതിയില്ലെന്നും, കെടി ജലീലിനെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു. ഇത് നിഷേധിക്കാന്‍ ഇതുവരെ കുഞ്ഞാലിക്കുട്ടിയോ ജലീലോ, സിപിഎമ്മോ തയ്യാറായിട്ടില്ല.
കൂടാതെ കുറച്ച് കാലമായി കുഞ്ഞാലിക്കുട്ടിയടങ്ങുന്ന മുസ്ലീംലീഗിലെ ഒരു വിഭാഗം സര്‍ക്കാരിനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ പുലര്‍ത്തുവെന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.
മലപ്പുറം ജില്ലാ ബാങ്ക് , കേരളബാങ്കില്‍ ലയിക്കുന്നതിനെതിരെ നിയമപോരാട്ടം ശക്തമായി തുടരണമെന്നതായിരുന്നു മുസ്ലീം ലീഗിന്റെ ഔദ്യോഗിക തീരുമാനം. എന്നാല്‍ ഏആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ സിപിഎം സമരപരിപാടികള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ മുസ്ലീംലീഗ് ഇതില്‍ നിന്നും പിന്‍മാറിയേക്കാമെന്ന വാര്‍ത്തയും പുറത്തവരുന്നുണ്ട്.
കൂടാതെ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കെ റെയില്‍ വിഷയത്തില്‍ മുസ്ലീലീഗിലെ ഒരു വിഭാഗം ശക്തമായ സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും, വികസനകാര്യങ്ങളില്‍ അത്തരം കടുംപിടുത്തങ്ങളോട് യോജിക്കാനാവില്ലെന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്.
ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച കോഴിക്കോട് വഖഫ് സമ്മേളനത്തില്‍ കെഎം ഷാജിയടക്കമുള്ള നിരവധി നേതാക്കള്‍ പ്രകോപനപരമായി സംസാരിച്ചപ്പോള്‍ മൃദുവായ ഭാഷയാണ് കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചതെന്നും ശ്രദ്ധേയമാണ്. ഈ സമ്മേളനത്തിന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ മുസ്ലീംലീഗ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സൂചനയുണ്ടായിരുന്നു ഇത് തടഞ്ഞത് കുഞ്ഞാലിക്കുട്ടിയാണെന്ന ചര്‍ച്ചകളും ഉയര്‍ന്നുവന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരിനെതിരെ ഗവര്‍ണറെ കാണാന്‍ പോയ യുഡിഎഫ് പ്രതിനിധി സംഘത്തില്‍ നിന്നും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതും ഏറെ പ്രാധാന്യമുള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. ഇത്തരം നിലപാടുകളും ചര്‍ച്ചകളും എന്തല്ലാം മാറ്റങ്ങള്‍ക്കാണ് നാന്ദികുറിക്കുന്നതെന്ന് വരുംദിവസങ്ങളില്‍ അറിയാം…
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുസ്ലിംലീഗ് പൊതുവില്‍ ജനകീയാസൂത്രണത്തോടു നല്ലരീതിയില്‍ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണ്. 29-ാം വയസ്സില്‍ 1980-ല്‍ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി. 1982-ല്‍ എംഎല്‍എ ആയെങ്കിലും ചെയര്‍മാന്‍ സ്ഥാനവും തുടര്‍ന്നു. ഈ രണ്ട് പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം കളക്ട്രേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്. വനിതാ കോളേജ്, കോട്ടമൈതാന നവീകരണം, ഷോപ്പിംഗ് കോംപ്ലക്‌സ്, പല പ്രധാനപ്പെട്ട റോഡുകള്‍ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു.
എംഎസ്എഫിന്റെ പ്രവര്‍ത്തകനായിട്ടാണു രാഷ്ട്രീയ രംഗപ്രവേശനം. സംസ്ഥാന ട്രഷറര്‍ ആയി. ഫറൂഖ് കോളേജ് യൂണിയന്‍ സെക്രട്ടറിയായി. എങ്കിലും രാഷ്ട്രീയ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയത് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ്. ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ആദ്യമായിട്ടാണു ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ട് രാഷ്ട്രീയ അഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പു സംബന്ധിച്ച് പലവട്ടം ഞങ്ങള്‍ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.
ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യരായിട്ടുള്ള യുവരാഷ്ട്രീയ പ്രവര്‍ത്തകരെ കെആര്‍പിമാരായി അദ്ദേഹം തെരഞ്ഞെടുത്തു. ഞങ്ങള്‍ പ്ലാനിംഗ് ബോര്‍ഡില്‍ നിന്നും തെരഞ്ഞെടുത്തതാകട്ടെ ഒട്ടുമിക്കപേരും പരിഷത്ത് പ്രവര്‍ത്തകരായിരുന്നു. അതില്‍ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള കെആര്‍പിമാര്‍ ഒരു ടീമായിതന്നെ പ്രവര്‍ത്തിച്ചു. ഇത് ഫലപ്രദമായ ആസൂത്രണത്തിനും പദ്ധതി നിര്‍വ്വഹണത്തിനും വഴിയൊരുക്കി.
രണ്ടാംഘട്ട പരിശീലനവേളയില്‍ കൈപ്പുസ്തകത്തില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമര്‍ശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അതു വിവാദമായി. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഞാന്‍ ആദ്യം ചെയ്തത് ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിനെ ഫോണ്‍ ചെയ്യുകയായിരുന്നു. ഇനി കൈപ്പുസ്തകം അച്ചടിക്കുകയാണെങ്കില്‍ വിവാദഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ധാരണയില്‍ പ്രശ്‌നം തീര്‍ത്തു. ഒരു പത്രത്തിലും ഇതു വാര്‍ത്തയുമായില്ല.
ജനകീയാസൂത്രണത്തിനു തൊട്ടുമുമ്പ് അദ്ദേഹമായിരുന്നു മുനിസിപ്പല്‍ മന്ത്രി. 8 തവണ നിയമസഭാ അംഗമായി. ഒരു തവണ പാര്‍ലമെന്റ് അംഗവും. 5 മന്ത്രിസഭകളില്‍ അംഗമായി. ഏറ്റവും കൂടുതല്‍കാലം വ്യവസായ മന്ത്രിയായി ഇരുന്നിട്ടുള്ളത് ശ്രീ. കുഞ്ഞാലിക്കുട്ടിയാണ്. 2001-06 കാലത്ത് വ്യവസായ വകുപ്പിനോടൊപ്പം ഐറ്റി വകുപ്പും അദ്ദേഹത്തിനായിരുന്നു. അക്കാലത്താണ് അക്ഷയ പ്രസ്ഥാനം ആരംഭിക്കുന്നത്.
ഇക്കഴിഞ്ഞ 18-ന് പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തുറന്നു സമ്മതിച്ചു. ”കേരളത്തിലെ സാധാരണ ജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പദ്ധതിയാണ് ജനകീയാസൂത്രണം.” തദ്ദേശഭരണ വകുപ്പിന്റെ ഏകീകരണവും കോമണ്‍ കേഡറിന്റെ രൂപീകരണവും അദ്ദേഹം സ്വാഗതം ചെയ്തു. സാധാരണ ജനങ്ങളുടെ സേവനാവകാശങ്ങള്‍ വേഗതയില്‍ ലഭ്യമാക്കാന്‍ ഈ മാറ്റം സഹായിക്കും. എന്നാല്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ ആവശ്യമായ മാറ്റം വരുത്താനുള്ള ഇടപെടല്‍ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭയില്‍ ആയാലും പുറത്തായാലും തല്‍സമയ പ്രസംഗമാണു ശൈലി. നിയസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയ്യില്‍ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യും.




