തിരുവനന്തപുരം മണ്ണാമൂലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം മുന്‍പ് കാണാതായ പേരൂര്‍ക്കട സ്വദേശി അജയ്കുമാര്‍ എന്നയാളുടെ മൃതദേഹമാണിതെന്ന് സംശയമുണ്ട്. ശനിയാഴ്ച രാവിലെ പ്രദേശവാസികളാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ സ്ഥലം പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മണ്ണാമൂല മുന്‍ വാര്‍ഡ് കൗണ്‍സിലറായിരുന്നു അജയകുമാര്‍. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു അജയകുമാര്‍ താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.




