തവനൂര്‍: തിരുനാവായ-തവനൂര്‍ പാലം മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങും. പാലത്തിന്റെ നിര്‍മാണം ഊരാളുങ്ങല്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനി ഏറ്റെടുത്തു. 48.88 കോടി രൂപയ്ക്കാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തിനകം നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 630 ദിവസത്തിനിടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് റോഡ്സ് ആന്‍ഡ്
ബ്രിഡ്ജസ് ഡെവലെപ്മെന്റ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്.
സമീപന റോഡ് ഉള്‍പ്പെടെ 1,180 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. 380 മീറ്ററാണ് സമീപനറോഡിന്റെ നീളം. പാലത്തില്‍ രണ്ടുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ടാകും. കുറ്റിപ്പുറത്തിനും ചമ്രവട്ടത്തിനുമിടയില്‍ ഭാരതപ്പുഴയ്ക്ക് കുറുകേ നിര്‍മിക്കുന്ന മൂന്നാമത്തെ പാലമാണ് തവനൂര്‍-തിരുനാവായ പാലം.
2009 ജൂലായ് 14-നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. പിന്നീട് കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല. തവനൂര്‍ മണ്ഡലരൂപവത്കരണത്തിനുശേഷം കെ.ടി. ജലീല്‍ എം.എല്‍.എ. ആയി എത്തിയപ്പോഴാണ് പദ്ധതിക്ക് തുടര്‍ചലനങ്ങളുണ്ടായത്.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന ഏജന്‍സിയെ സാമൂഹിക ആഘാതപഠനം നടത്താന്‍ ചുമതലപ്പെടുത്തി. ഇവരുടെ പഠനറിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി വിദഗ്ധസമിതി
രൂപവത്കരിച്ചു. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചത്. നഷ്ടപരിഹാരത്തുക വിതരണംചെയ്ത് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ശേഷമാണ്
ടെന്‍ഡര്‍ ക്ഷണിച്ചത്.
ത്രിമൂര്‍ത്തി സംഗമസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തവനൂര്‍-തിരുനാവായ പാലത്തിന്റെ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും.




