തേഞ്ഞിപ്പലത്ത് വന്‍ മദ്യ വേട്ട;110 ലിറ്റര്‍ മാഹി മദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി :തേഞ്ഞിപ്പലം  ചെനക്കലങ്ങാടിയിൽ 106.500 ലിറ്റർ മാഹി മദ്യവുമായി രണ്ട് പേരെ പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തു. ഡ്രൈ ഡെ മുന്നിൽ കണ്ട് വിതരണത്തിന് വൻതോതിൽ മാഹി മദ്യം എത്തുന്നുണ്ടെന്ന മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരും ഐ ബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ്‌ കെ എല്‍ 11 ബിസി 2365ഹ്യുണ്ടായ് ഇയോൺ കാറിൽ 213 കുപ്പികളിലായി  കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടിയത്. തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശി പ്രസീദ് അമ്പലപ്പാറ (39 ) കോഴിക്കോട് കക്കോടി സ്വദേശി മിഥുൻ (35 ),  എന്നിവരാണ്  പിടിയിലായത്.

പ്രതികൾ സ്ഥിരമായി ഉത്സവകാലങ്ങളിലും ഡ്രൈ ഡെകളിലും ഇത്തരത്തിൽ മദ്യം കടത്താറുണ്ടെന്നും മാഹിയിലെ ഏജന്റ് ഡ്രൈവർ മുഖാന്തിരം തേഞ്ഞിപ്പാലം സ്വദേശിക്ക് കൊടുത്തയച്ചതാണെന്നും എക്സൈസ് അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവരുടെ പ്രവർത്തികൾ എക്‌സൈസ്  ഇന്റലിജൻസ് വിഭാഗം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറം എക്‌സൈസ് ഡിവിഷന്റെ ചരിത്രത്തിൽ നൂറിലധികം ലിറ്റർ മാഹി മദ്യവുമായി ഒരു കേസ് രജിസ്റ്റർ ചെയപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

റെയ്ഡിൽ എക്സൈസ് ഐ.ബി ഇൻസ്പെക്ടർ ജിനീഷ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ഷിജുമോൻ, വി കെ സൂരജ്, പ്രജോഷ് കുമാർ, ബിജു പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് കുമാർ, ശിഹാബുദ്ദീൻ കെ എന്നിവരും പങ്കെടുത്തു