വീട്ടുകാരെ മയക്കികിടത്തി മോഷണം;വര്‍ക്കലയില്‍ 2 നേപ്പാള്‍ സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കികിടത്തിയ ശേഷം മോഷണം. സംഭവത്തില്‍ രണ്ട് നേപ്പാള്‍ സ്വദേശികള്‍ പിടിയിലായിട്ടുണ്ട്. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനിയാണ് വീട്ടകാര്‍ക്ക് ഭക്ഷണത്തില്‍ ലഹരിവസ്തു കലര്‍ത്തി നല്‍കിയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ചയായിരുന്നു ഹരിപുരം എല്‍ പി സ്‌കൂളിന് സമീപത്തെ വീട്ടില്‍ സംഭവം.

സംഭവ സമയത്ത് ശ്രീദേവി(74), മരുമകള്‍ ദീപ,ഹോം നഴ്‌സ് സിന്ധു എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. നേപ്പാള്‍ സ്വദേശിനിയായ യുവതി രണ്ടാഴ്ച മുന്‍പാണ് ഇവിടെ ജോലിക്ക് വന്നു തുടങ്ങിയത്. ഈ യുവതിയുടെ നേതൃത്വത്തിലാണ് മോഷണം നടന്നത്. ശ്രീദേവി അമ്മയുടെ മകന്‍ മരുമകള്‍ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതിനെ തുടര്‍ന്ന് അയല്‍വീട്ടിലെ ബന്ധുവിനെ വിളിക്കുകയായിരുന്നു. ഇവര്‍ ഇവിടെ എത്തി നോക്കിയപ്പോഴാണ് നാലുപേര്‍ ഇറങ്ങി ഓടുന്നത് കണ്ടത്. ഇതോടെ ഇവര്‍ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. വീട് തുറന്ന് നോക്കിയപ്പോഴാണ് വീട്ടിലുള്ളവര്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരാളെ കമ്പിവേലിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ പണവും സ്വര്‍ണവും കണ്ടെത്തി. ഇതോടെയാണ് ഇത് മോഷ്ടാക്കളില്‍ ഒരാളാണെന്ന് കണ്ടെത്തിയത്.പിന്നീട് നടത്തിയ പരിശോധനയില്‍ മറ്റൊരാളെ ഒളിച്ചിരിക്കുന്നിടത്തുനിന്നും പിടികൂടി. സംഭവത്തില്‍ വീട്ടുജോലിക്കാരിയുള്‍പ്പെടെ മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. പിടികൂടിയ രണ്ടുപേരെ അയിരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മോഷ്ടാക്കള്‍ ഇവിടെ കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്.

ബോധരഹിതരായ വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പോലീസും പരിശോധന നടത്തി.പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top