
കോഴിക്കോട് : മലയാളികൾ ഏറ്റുപാടിയ ഒട്ടേറെ നാടകഗാനങ്ങളുടെ രചയിതാവും നാടക -സിനിമാ കലാകാരനുമായ കെ വി വിജേഷ് (49) അന്തരിച്ചു. വെള്ളിയാഴ്ച എറണാകുളത്തെ തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. തൃശൂരിലെ സ് കൂൾ ഓഫ് ഡ്രാമയിലും കോഴിക്കോട് ടൗൺഹാളിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധി കലാ-സാംസ്കാരിക പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചു. സംസ്കാരം ഞായർ രാവിലെ ഒമ്പതിന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.
നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിൽ തിളങ്ങിയ പ്രതിഭയാണ് വിജേഷ്. ജീവിതപങ്കാളിയും നാടക-സിനിമാ പ്രവർത്തകയുമായ കബനിയുമായി ചേർന്ന് “തിയറ്റർ ബീറ്റ്സ്’ എന്ന തിയറ്റർ ഗ്രൂപ്പ് രൂപീകരിച്ചു. “ഈ ഭൂമീന്റെ പേരാണ് നാടകം, നിങ്ങള് നിങ്ങളെമാത്രം ഇഷ്ടപ്പെടല്ലപ്പാ, ഇത് നല്ലകാലമല്ല മോശപ്പെട്ട കാലവുമല്ല, കുഞ്ഞു കുഞ്ഞു പക്ഷി…” തുടങ്ങി നിരവധി പാട്ടുകൾ രചിച്ചു. ക്യാമ്പസുകൾക്കായി നാടകമൊരുക്കി. മങ്കിപ്പെൻ, മഞ്ചാടിക്കുരു, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ ആമി, ഗപ്പി, ക്ലിൻ്റ, ജിലേബി, നീലി തുടങ്ങിയ സിനിമകൾക്കായി നടന പരിശീലനവും നൽകി. അവിര റബേക്കയുടെ “തകരച്ചെണ്ട’യിൽ “കുഞ്ഞുകുഞ്ഞുപക്ഷി…” എന്ന പാട്ടെഴുതിയാണ് സിനിമാരംഗപ്രവേശം. യൂജിൻ പോഷ്യറുടെ “ഉണരുവിൻ ഉയരുവിൻ പട്ടിണിയുടെ തടവുകാരേ നിങ്ങളുണരുവിൻ…’ എന്ന സാർ വദേശീയ ഗാനത്തിന് ദൃശ്യാവിഷ്കാരമേകി.
മകൾ: സൈറ (നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ). അച്ഛൻ: പരേതനായ വിജയൻ. അമ്മ: പരേതയായ രാജി. സഹോദരങ്ങൾ: രാജേഷ് (ശ്രീകൃഷ്ണ സ്വീറ്റ് ഹൗസ്, അശോകപുരം), ഡോ. സജേഷ് (മലേഷ്യ).
ടൗൺഹാളിൽ മേയർ ഒ സദാശിവൻ, നാടക-സിനമാ പ്രവർത്തകരായ സന്തോഷ് കീഴാറ്റൂർ, സുരഭി ലക്ഷ്മി, എഴുത്തു കാരായ വി ആർ സുധീഷ്, ഫ്രാൻസിസ് നൊറോണ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




